രാഹുൽ മാങ്കൂട്ടത്തിൽ 22 വരെ ജയിലിൽ; പ്രതിഷേധം ശക്‌തമാക്കും

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിനെതിരെ ഡിസംബർ 20ന് നടന്ന മാർച്ച് അക്രമാസക്‌തമായ കേസിലാണ് രാവിലെ വീടു വളഞ്ഞ് രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്‌.

By Desk Reporter, Malabar News
Rahul mamkootathil Arrested
Ajwa Travels

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ പൊലീസ് അറസ്‌റ്റു ചെയ്‌ത യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം വഞ്ചിയൂര്‍ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്‌തത്‌.

രാഹുലിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്യാനുള്ള കോടതി തീരുമാനം. കോടതി നിര്‍ദേശപ്രകാരം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ പരിശോധന വീണ്ടും നടത്തിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികിൽസയിൽ ആയിരുന്നുവെന്നും രാഹുല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. ഗുരുതര ആരോഗ്യ പ്രശ്‌നമില്ലെന്ന് പരിശോധനയിൽ വ്യക്‌തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്‌തത്‌. രാഹുലിനെ പൂജപ്പുര ജയിലിലേക്കു മാറ്റും.

അതിനിടെ, പറ്റുന്നതെല്ലാം ചെയ്യട്ടേയെന്ന് വൈദ്യപരിശോധനക്ക്‌ ശേഷം രാഹുല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും തുടങ്ങിയിട്ടല്ലേ ഉള്ളൂവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. അതേസമയം, അറസ്‌റ്റിനെതിരെ സംസ്‌ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്‌തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും മർദിച്ചതിനെതിരെ ഡിസംബർ 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിനിടെ വ്യാപക അക്രമം നടന്നതായി പ്രോസിക്യൂഷൻ വാദിച്ചു. നിരവധി പൊലീസുകാർക്ക് പരുക്കേറ്റു. പൊതുമുതല്‍ നശിപ്പിച്ചു. ഇതിനെല്ലാം തുടക്കം മുതൽ സ്‌ഥലത്തെത്തി നേതൃത്വം നൽകിയത് രാഹുൽ മാങ്കൂട്ടത്തിലാണ്. അക്രമങ്ങൾക്കും പൊതുമുതൽ നശീകരണത്തിനും നേരിട്ടും അല്ലാതെയുമുള്ള ഉത്തരവാദിത്തം സമരം നടത്തുന്നവർക്കുണ്ട്.

രാഹുൽ സമരത്തിന്റെ മുൻനിരയിൽനിന്ന് നേതൃത്വം നൽകുന്നതിന്റെയും സമരം അക്രമാസക്‌തം ആകുന്നതിന്റെയും ഫോട്ടോയും വിഡിയോയും പൊലീസ് കോടതിയിൽ ഹാജരാക്കി. പിരിഞ്ഞു പോയ പ്രവർത്തകരെ മടക്കി വിളിച്ച് രാഹുൽ വീണ്ടും ആക്രമണം നടത്തി. എല്ലാ ആക്രമങ്ങളും നടന്ന സ്‌ഥലത്ത്‌ പ്രതിയുടെ സാന്നിധ്യമുണ്ട്. അതിക്രമങ്ങൾ തടയാൻ യാതൊരു ശ്രമവും നേതാവെന്ന നിലയിൽ നടത്തിയില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധമല്ല നടന്നത്, ആക്രമണമാണെന്നും പ്രോസിക്യൂഷൻ വ്യക്‌തമാക്കി.

നവകേരള യാത്രക്കിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേർന്ന് കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. തൊട്ടുപിന്നാലെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംഎൽഎയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളായിരുന്നു. കേസിൽ അറസ്‌റ്റിലാകുന്ന ആദ്യ നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ 31 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരെത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

MOST READ | പുകവരുന്ന ബിസ്‌കറ്റ്‌: ഗുരുതര അപകടമുണ്ടാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE