തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിൽ ആയിരിക്കും വേനൽമഴ ശക്‌തമാവുക. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴക്ക് കൂടുതൽ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
മഴ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഈ രണ്ടു ജില്ലകളിലും മഴ സജീവമാകുമെന്നാണ് പ്രവചനം. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതിനാൽ, മൽസ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകി. കടൽക്ഷോഭം രൂക്ഷമാകാനുള്ള സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം ആളുകൾ മാറിത്താമസിക്കണമെന്നും നിർദ്ദേശം നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും രണ്ടു ദിവസം പൂർണമായും ഒഴിവാക്കണം.
Most Read: അയോഗ്യതയ്‌ക്കും ഭീഷണിക്കും നിശബ്‌ദനാക്കാൻ കഴിയില്ല; രാഹുൽ ഗാന്ധി