ആലപ്പുഴ: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് സഹായം നല്‍കിയെന്ന ആരോപണം നേരിടുന്ന ചേര്‍ത്തല സിഐയെ സ്‌ഥലം മാറ്റി. സിഐ പി ശ്രീകുമാറിനെ പാലക്കാട് ക്രൈം ബ്രാഞ്ചിലേക്കാണ് സ്‌ഥലം മാറ്റിയത്. മോൻസൺ കേസിൽ ശ്രീകുമാറിന്റെ പേര് ഉയർന്നുവന്നതിന് പിന്നാലെയാണ് നടപടി.
സംസ്‌ഥാന പോലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇന്‍സ്‌പെക്‌ടർമാരുടെ സ്‌ഥലംമാറ്റ ഉത്തരവും പുറത്തു വന്നിരുന്നു. ഇതിലാണ് ശ്രീകുമാറിന്റെ ഉത്തരവും ഉള്‍പ്പെട്ടിരിക്കുന്നത്.
മോൻസൺ മാവുങ്കലിനെതിരായ ഒരു കേസന്വേഷണത്തിൽ പി ശ്രീകുമാർ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഉയർന്ന ആരോപണം. കേസിൽ മോൻസണ് അനുകൂലമായ ഇടപെടൽ ശ്രീകുമാർ നടത്തിയതായും വിമർശനം ഉയർന്നിരുന്നു.
കൂടാതെ മോന്‍സണും ചേര്‍ത്തല സിഐയും തമ്മില്‍ ഉറ്റബന്ധത്തിന് തെളിവായി ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. മോന്‍സണിനെതിരെ പരാതിപ്പെട്ട യുവതിയെ സിഐ ഭീഷണിപ്പെടുത്തുന്നതും ഇക്കാര്യങ്ങളെല്ലാം മോന്‍സണിനോട് ഫോണില്‍ പറയുന്നതുമാണ് പുറത്തുവന്നത്.
Most Read: കേശ സംരക്ഷണത്തിന് തൈരുകൊണ്ടുള്ള ഹെയര്‍മാസ്‌കുകള്‍ ഇതാ