പത്തനംതിട്ട: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ. അടുത്ത 4 ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിന് എത്തുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പാസ്‌നാനം അനുവദിക്കില്ലെന്നും, ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിങ് നിർത്തി വെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇതിനോടകം തന്നെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത ആളുകൾക്ക് തീയതി മാറ്റി നൽകുമെന്ന് അധികൃതർ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് നിലവിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്‌തമായ മഴ തുടരും.ഈ സാഹചര്യത്തിലാണ് അപകടസാധ്യത ഒഴിവാക്കുന്നതിനായി ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ വിളിച്ചുചേർത്ത ജില്ലാ കളക്‌ടർമാർ അടക്കമുള്ള ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
Read also: മഴ ശക്‌തം; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി