ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് വന്ന സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ മണിക്കൂറുകളോളം തടഞ്ഞുവെച്ചതായി പരാതി. ചുരം വഴിയുള്ള അന്തർ സംസ്‌ഥാന യാത്രക്കുള്ള നിരോധന കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിട്ടും പഴയ നടപടിയുമായി തന്നെ കർണാടക സർക്കാർ മുന്നോട്ട് പോവുകയാണ്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ഏഴ് ബസുകളാണ് ഇന്നലെ പെരുമ്പാടി ചെക്ക്‌പോസ്‌റ്റിൽ തടഞ്ഞത്. നാലുമണിക്കൂറിലധികം സമയം തടഞ്ഞുവെച്ചതായാണ് പരാതി.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ എത്തിയ ബസുകളാണ് തടഞ്ഞത്. ചുരം പാതയിലെ നിയന്ത്രണം അർധരാത്രി അവസാനിച്ച കാര്യം യാത്രക്കാരും ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടിയെങ്കിലും ചെക്ക്‌പോസ്‌റ്റ് അധികൃതർ വഴങ്ങിയില്ല. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ പുലർച്ചെ ഏഴ് മണിയോടെയാണ് ബസുകൾ വിട്ടയച്ചത്. ഇളവ് നൽകിയുള്ള ഉത്തരവ് കിട്ടാതെ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കടത്തിവിടില്ലെന്ന നിലപാടിലാണ് ചെക്ക്‌പോസ്‌റ്റ് അധികൃതർ.
അതേസമയം, ചുരം പാതയിലെ നിയന്ത്രണങ്ങൾ പൂർണമായി നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് മാർച്ച് സംഘടിപ്പിക്കും. വിരാജ്പേട്ടയിൽ നിന്ന് മാക്കൂട്ടം ചുരത്തിലേക്കാണ് മാർച്ച് നടത്തുക. നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം മടിക്കേരി ഡെപ്യൂട്ടി കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇത് പരിഗണിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് പ്രത്യക്ഷ സമരം നടത്താൻ തീരുമാനിച്ചത്.
Most Read: സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണം; ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്