കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. ഇഖ്ബാൽ ജംഗ്‌ഷനിൽ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് എഞ്ചിൻ തകരാർ മൂലം വഴിയിൽ കിടന്ന പാഴ് വസ്‌തുക്കൾ കയറ്റിയ ഗുഡ്‌സ് ഓട്ടോറിക്ഷയെ മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
രാവണേശ്വരം സ്വദേശി രതീഷ് അരയി (35) ആണ് മരിച്ചത്. തകരാറിലായ ഓട്ടോറിക്ഷയുടെ സൈഡിലെ കമ്പിയിൽ പ്ളാസ്‌റ്റിക് കയർ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുപോകുകയായിരുന്നു. മുന്നിലെ വാഹനം റോഡിന്റെ മറുവശത്തേക്ക് തിരിഞ്ഞതോടെ കയർ റോഡിന് അഭിമുഖമായി നിന്നു. ഇതിനിടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്ക് ഓടിച്ചിരുന്ന രതീഷിന്റെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ രതീഷിനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Also Read: കരുതലോടെ കാസർഗോഡ്; തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാൻ 11,300 ലിറ്റർ സാനിറ്റൈസർ
രതീഷിന്റെ ബൈക്ക് ഏതാനും മീറ്റർ അകലെ തെറിച്ചു പോയിരുന്നു. കെട്ടിവലിക്കാൻ ഉപയോഗിച്ച നീളമുള്ള പ്‌ളാസ്‌റ്റിക് കയർ കഴുത്തിൽ ആഴത്തിൽ മുറിവേൽപിച്ചതാണ് മരണ കാരണം. റോഡിൽ രക്‌തം തളം കെട്ടി നിന്നിരുന്നു. പിന്നീട് ഫയർ ഫോഴ്‌സ് എത്തിയാണ് റോഡ് കഴുകി വൃത്തിയാക്കിയത്.