കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്‌ചയില്ലാതെ കാസർഗോഡ്. തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാനായി 11,300 ലിറ്റർ സാനിറ്റൈസർ ആണ് ജില്ലയിൽ എത്തിച്ചിരിക്കുന്നത്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) ആണ് സാധനങ്ങൾ ജില്ലയിൽ എത്തിച്ചത്.
37,400 മാസ്‌കുകൾ, 48,800 കയ്യുറകൾ, വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത 9200 ഫെയ്‌സ് ഷീൽഡുകൾ, വീണ്ടും ഉപയോഗിക്കാവുന്ന 120 ഫെയ്‌സ് ഷീൽഡുകൾ തുടങ്ങിയവ കഴിഞ്ഞ ദിവസം ജില്ലയിലെ ബ്ളോക്ക്-മുൻസിപ്പൽ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് സാധന സാമഗ്രികൾ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്.
ഓരോ ബൂത്തുകളിലും കോമ്പോ പാക്കിൽ 5 ലിറ്ററിന്റെ ഒരു കുപ്പി സാനിറ്റൈസറും 500 മില്ലീ ലിറ്ററിന്റെ 4 കുപ്പികളും 18 മാസ്‌കുകളും സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കയ്യുറകളും 6 വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത ഫെയ്‌സ് ഷീൽഡുകളും ഉണ്ടാകും. വോട്ടർമാർ മാസ്‌ക് ധരിച്ച് ബൂത്തിൽ കയറുമ്പോഴും തിരികെ ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം. സാനിറ്റൈസർ നൽകാൻ വേണ്ടി മാത്രം ഒരു പോളിങ് അസിസ്‌റ്റന്റും തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ ഉണ്ടാകും.
പോളിങ് ബൂത്തിലെ ജീവനക്കാർക്ക് 3 മാസ്‌ക് വീതം നൽകും. ബൂത്ത് ഏജന്റുമാർ മാസ്‌ക് സ്വന്തമായി കരുതണം. ഉപയോഗിച്ച മാസ്‌കുകളും കയ്യുറകളും പ്രത്യേകം കാരിബാഗിൽ നിക്ഷേപിക്കണം. ഇതിനായി 1409 കാരിബാഗുകൾ പോളിങ് ബൂത്തുകളിൽ ഉണ്ടാകും.
തിരഞ്ഞെടുപ്പിന് തലേന്ന് 3 മണി വരെ കോവിഡ് ബാധിതർക്ക് തപാൽ വോട്ട് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇതിന് ശേഷം വൈകിട്ട് 5 മുതൽ 6 വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവായ വോട്ടർമാർക്ക് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താം. പിപിഇ കിറ്റ് ധരിച്ച് പ്രത്യേക വാഹനത്തിലായിരിക്കണം രോഗികൾ എത്തേണ്ടത്. നിർദ്ദേശങ്ങൾ നൽകാൻ ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായം ലഭ്യമാകും. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ സഹായത്തോടെ ബൂത്തിലെത്തിക്കും. വീടുകളിൽ ചികിൽസയിൽ കഴിയുന്നവരെ ബൂത്തിലെത്തിക്കുന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
Also Read: വിജിലൻസിന്റെ കൂട്ടപ്പരിശോധന; മുഖ്യമന്ത്രിക്ക് അറിയില്ല; എല്ലാം ഉപദേഷ്‌ടാവിന്റെ അറിവോടെ