തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് ഇന്ന് പുലർച്ചെ 4.20 ഓടെയാണ് അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ചു വർഷത്തോളമായി വിശ്രമത്തിൽ ആയിരുന്നു. രാജ്യസഭാംഗമായും എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്.
1977ൽ കഴക്കൂട്ടത്ത് നിന്നാണ് ബഷീർ നിയമസഭയിൽ എത്തുന്നത്. ചിറയൻകീഴിൽ നിന്ന് രണ്ടുതവണ ലോക്‌സഭാ അംഗമായി. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡണ്ട് തുടങ്ങി നിരവധി പദവികൾ വഹിച്ച ബഷീർ നടൻ പ്രേം നസീറിന്റെ സഹോദരി ഭർത്താവ് കൂടിയാണ്. കെഎസ്‌യു വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ എത്തി കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് വിടപറഞ്ഞത്.
2016 വരെ കെപിസിസിയുടെ സുപ്രധാന മുഖമായിരുന്ന ബഷീർ പിന്നീട് രോഗബാധിതനായതിനെ തുടർന്ന് പൂർണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു. 1945ൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപത്തുള്ള തളിക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. പരേതയായ സുഹ്റയാണ് ഭാര്യ. വിദേശത്തുള്ള മകൻ എത്തിയതിന് ശേഷം മറ്റന്നാളായിരിക്കും സംസ്‌കാരം. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Most Read: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു; വലഞ്ഞ് പൊതുജനം