ഉത്തർപ്രദേശ്: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിലുടനീളം ബാരിക്കേഡുകൾ നിരത്തി പോലീസ് കാവൽ നിൽക്കുന്നു. നാളെ എന്തും സംഭവിക്കാം. ബഹളങ്ങൾ ഒഴിയുമ്പോൾ വരുത്തിത്തീർക്കുന്ന അപകടങ്ങളിലൂടെ കൊല്ലപ്പെട്ടേക്കാം. മൊഴികൾ എല്ലാം മാറ്റിയാലേ ജീവിക്കാൻ കഴിയു എന്ന അവസ്‌ഥ വന്നേക്കാം. എങ്കിലും കുട്ടിയുടെ സഹോദരൻ വിങ്ങിപ്പൊട്ടി പറയുന്നു;
‘‘ഇത് ആദ്യമല്ല. ഇതിനു മുൻപും അവളെ ഉപദ്രവിക്കാൻ ശ്രമം നടന്നു. പൊലീസിൽ പല തവണ പരാതി നൽകിയെങ്കിലും അവർ അനങ്ങിയില്ല. ഇപ്പോൾ അവൾ പോയി. അവസാനമായി ഒന്നു കാണാൻ പോലും ഞങ്ങളെ അനുവദിച്ചില്ല. അതിനു മുൻപേ ദഹിപ്പിച്ചു കളഞ്ഞു’’- കണ്ണുനീരിൽ കുതിർന്ന സഹോദരന്റെ വാക്കുകൾ മുറിഞ്ഞു.
ഉറക്കെ കരയാൻ പോലുമാകാതെ വിറങ്ങലിച്ചു നിൽക്കുന്ന ഹത്രസ് ഗ്രാമത്തിലെ ചെറിയ വീട്ടിനകത്ത് പെൺകുട്ടിയുടെ മാതാപിതാക്കളും ചില അടുത്ത കുടുബാംഗങ്ങളും ഭയന്നും കരഞ്ഞും പൊട്ടിത്തകർന്ന മനസ്സുകളുമായി ഇരിക്കുന്നു.
അവളെ, സമാധാനത്തോടെ, ആചാരങ്ങളോടെ അടക്കം ചെയ്യാൻ പോലും അനുവദിക്കാതെ ‘കത്തിച്ചു’ കളഞ്ഞ ദിശയിലേക്ക് കണ്ണും നട്ട്, നിർവികാരമായ അമ്മയിരിക്കുന്നു. ഇടക്ക് എഴുന്നേറ്റ് മകൾ കൂട്ട മാന ഭംഗത്തിനിരയായി ജീവനു വേണ്ടി പിടഞ്ഞ കൃഷി ഭൂമിയിലേക്ക് നോക്കും. എന്നിട്ട് അരോടെന്നില്ലാതെ പറയും; ‘‘പാവമായിരുന്നു.’’
Read More: ഫാസിസ്‌റ്റുകളുടെ ഉരുക്കുകോട്ടകൾ ഭേദിച്ച രാഹുൽ; താങ്കളാണ് ഇന്ത്യയുടെ പ്രതീക്ഷ