കാസർഗോഡ്: അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിയിലെ അബ്‌ദുല്ലകുഞ്ഞിയുടെ ഭാര്യ നബീസയാണ് (62) മരിച്ചത്. സംഭവത്തിൽ മകൻ നാസറിനെ ആദൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്‌തമാക്കി.
അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ മജീദിനെയും പ്രതി തലയ്‌ക്കടിച്ച് വീഴ്‌ത്തി. സാരമായി പരിക്കേറ്റ ഇയാളെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം കത്തി കാട്ടി സ്‌ഥലത്ത് പരിഭ്രാന്തി സൃഷ്‌ടിച്ച് ഓടി രക്ഷപ്പെട്ട നാസറിനെ പൊവ്വൽ സ്‌റ്റേറിന് സമീപത്ത് വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് നാലിനാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് ഇവർ മൂന്നുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കളയിൽ നിന്ന് നിലവിളി കേട്ട് നോക്കിയാ മജീദ് രക്‌തത്തിൽ കുളിച്ച് കിടക്കുന്ന നബീസയെയാണ് കണ്ടത്. തടയാൻ ശ്രമിച്ചപ്പോഴാണ് മജീദിന് മർദ്ദനമേറ്റത്. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം നബീസയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി