ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും മുന്നറിയിപ്പ് ഇല്ലാതെ വൻ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അണക്കെട്ടിന്റെ 10 സ്‌പിൽവേ ഷട്ടറുകൾ തുറന്നത്. ഇതേ തുടർന്ന് പെരിയാർ തീരത്ത് ഏഴടിയോളം വെള്ളം ഉയരുകയും. സമീപ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്‌തു.
രാത്രിയോടെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനത്തു. ഇതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതും, അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതും. തുടർന്നാണ് മുന്നറിപ്പ് നൽകാതെ 10 സ്‌പിൽവേ ഷട്ടറുകൾ തുറന്നത്. ഇതിലൂടെ സെക്കന്റിൽ 8,000 ഘനയടി ജലമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കുന്നത്.
ഈ വര്‍ഷം പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടില്ല. 1,867 ഘനയടി വെള്ളം മാത്രമാണ് നിലവില്‍ കൊണ്ടുപോകുന്നത്. അതേസമയം മുന്നറിയിപ്പ് ഇല്ലാതെ ഷട്ടറുകൾ തുറന്നതിന് പിന്നാലെ വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
Read also: ജില്ലയിലെ ചെങ്കൽപണകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന