കോഴിക്കോട്: പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി സിഎച്ച് ഇബ്രാഹിം കുട്ടിക്കെതിരെ ഉയർന്ന പെയ്‌ഡ് സീറ്റ് ആരോപണം തള്ളിക്കളയാനാകില്ലെന്ന് മണ്ഡലത്തിലെ സിപിഎം സ്‌ഥാനാർഥിയും മന്ത്രിയുമായ ടിപി രാമകൃഷ്‌ണൻ. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്ക് താൽപര്യപ്പെടുന്നില്ല.
എതിർ സ്‌ഥാനാർഥിയെ വളരെ മാന്യമായി നേരിടണമെന്നാണ് കരുതുന്നത്. ഇബ്രാഹിം കുട്ടിക്കെതിരെയുള്ള പെയ്‌ഡ് സീറ്റ് ആരോപണങ്ങൾ അദ്ദേഹത്തിന്റെ രീതികൾവച്ച് തള്ളിക്കളയാനാകില്ല. എന്നാൽ ഇത്തരം ആരോപണങ്ങളൊന്നും താൻ പരിഗണിക്കുന്നില്ലെന്നും ടിപി രാമകൃഷ്‌ണൻ വ്യക്‌തമാക്കി.
അതേസമയം തനിക്കെതിരെ ഉയർന്ന പെയ്‌ഡ് സീറ്റ് ആരോപണം സിഎച്ച് ഇബ്രാഹിംകുട്ടി നിഷേധിച്ചു. ഏതെങ്കിലും മുന്നണിയിൽ നിന്ന് കാശ് കൊടുത്ത് സീറ്റ് വാങ്ങാൻ തനിക്ക് ശേഷിയില്ല. ഇക്കാര്യം പേരാമ്പ്രക്കാർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടത്-വലത് മുന്നണികൾ പണം വാങ്ങി സീറ്റ് നൽകുന്ന സാഹചര്യം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: എലത്തൂരിൽ യുഡിഎഫിന് പ്രചാരണത്തിൽ ആളില്ല; നിലപാട് കടുപ്പിച്ച് ഡിസിസി