കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായത്. പ്രതിയെ താമരശേരി പോലീസ് സ്‌റ്റേഷനിലെത്തിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. വ്യാഴാഴ്‌ച രാത്രിയാണ് കുട്ടിയെ അവശനിലയിൽ താമരശേരി ചുരത്തിൽ നിന്ന് പോലീസ് കണ്ടെത്തിയത്. താമരശേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കോളേജിന് സമീപത്തുള്ള ഹോസ്‌റ്റലിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. ചൊവ്വാഴ്‌ച വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്‌റ്റലിൽ നിന്നിറങ്ങിയത്.
തിരിച്ചു ഹോസ്‌റ്റലിൽ എത്താത്തതിനെ തുടർന്ന് ഹോസ്‌റ്റൽ അധികൃതർ വീട്ടിൽ വിളിച്ചു അന്വേഷിച്ചു. എന്നാൽ, പെൺകുട്ടി വീട്ടിലെത്തിയില്ലെന്ന് മാതാപിതാക്കൾ അധികൃതരെ അറിയിച്ചു. ഇതോടെ, പിതാവ് പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിലാണ് പെൺകുട്ടിയെ താമരശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന വൈദ്യപരിശോധനയിലാണ് പീഡന വിവരം പുറത്തുവരുന്നത്.
പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കാറിൽ കയറ്റി എറണാകുളം അടക്കം സംസ്‌ഥാനത്തിന്റെ വിവിധ സ്‌ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ താമരശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയത്.
Most Read: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഖ്യാപനം ജൂൺ 11ന്