അഹമ്മദാബാദ്: സംസ്‌ഥാനത്തെ നാല് പ്രധാന നഗരങ്ങളിൽ രാത്രി കർഫ്യൂ നീട്ടിയതായി ഗുജറാത്ത് ആഭ്യന്തര വകുപ്പിന്റെ അറിയിപ്പ്. അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട് എന്നിവിടങ്ങളിൽ ഏപ്രിൽ 15 വരെയാണ് കർഫ്യൂ നീട്ടിയത്. നേരത്തെ മാർച്ച് 31 വരെയായിരുന്നു കർഫ്യൂ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. രാത്രി 9 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ.
അഹമ്മദാബാദിൽ ചൊവ്വാഴ്‌ച 606 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. 0.8% ആണ് ഇവിടുത്തെ മരണനിരക്ക്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സംസ്‌ഥാനത്തുണ്ടായ 37 കോവിഡ് മരണങ്ങളിൽ 12 എണ്ണവും അഹമ്മദാബാദിൽ നിന്നാണ് റിപ്പോർട് ചെയ്യപ്പെട്ടത്. സൂററ്റിൽ 0.7% ആണ് മരണനിരക്ക്. മറ്റ് നഗരങ്ങളിലും സ്‌ഥിതി വ്യത്യസ്‌തമല്ല.
ഗുജറാത്തിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ചൊവ്വാഴ്‌ച 3 ശതമാനമായി ഉയർന്നിട്ടുണ്ട്. സംസ്‌ഥാനത്തെ സജീവ കേസുകളുടെ എണ്ണം 12,263 ആണ്. അഹമ്മദാബാദിൽ 2,094 ഉം സൂററ്റിൽ 3,839 ഉം സജീവ കേസുകളുമാണുള്ളത്.
Read Also: തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടെടുക്കാൻ അധികാരമുണ്ട്; വി മുരളീധരൻ