മുഴപ്പിലങ്ങാട്: കണ്ണൂർ മുഴുപ്പിലങ്ങാട് ഒൻപതാം വാർഡിൽ മുല്ലപ്രം പള്ളിക്ക് സമീപം ഇരുനില വീട് കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്‌ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. മോഷണത്തിന് പിന്നിൽ ഒന്നിലധികം ആളുകളുണ്ടാകാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്‌ച അർധരാത്രിയാണ് 54 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും കളവ് പോയത്. മുഴുപ്പിലങ്ങാട് മല്ലപ്രം ജുമാഅത്ത് പള്ളിക്ക് സമീപം മറിയു മൻസിലിൽ സീനത്തിന്റെ മകൾ സിസിനയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവശത്ത് ഉണ്ടായിരുന്ന ഏണിവെച്ച് ടെറസിന് മുകളിൽ കയറി ഗ്രിൽസും ഡോറും കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തുകയറിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി തെളിവെടുപ്പ് പൂർത്തിയാക്കി.
സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, അസിസ്‌റ്റന്റ് പോലീസ് കമ്മീഷണർ ബാലകൃഷ്‌ണൻ നായർ, എടക്കാട് പ്രിൻസിപ്പൽ എസ്‌ഐ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read also: ഡെൽഹിയിലെ ആശുപത്രി ഐസിയുവിൽ വൻ തീപിടുത്തം