ലഖ്‌നൗ: ഉത്തർപ്രദേശിൽ നാളെ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രകടനപത്രികയും ക്യാംപെയിൻ സാമഗ്രികളും വിതരണം ചെയ്യുന്നതിന്റെ വീഡിയോയാണ് കോണ്‍ഗ്രസ് പങ്കുവെച്ചിരിക്കുന്നത്.
“ബിജെപിയുടെ റാലി കഴിഞ്ഞ് മടങ്ങി വരുന്ന പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയോട് തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയും ‘ലഡ്‌കി ഹൂം ലഡ് സക്‌തി ഹൂം’ ക്യാംപെയിന്റെ സാമഗ്രികളും ചോദിച്ചു വാങ്ങുന്നു. ഇവര്‍ പ്രിയങ്കക്കൊപ്പം സെല്‍ഫിയുമെടുത്തു,”- എന്ന കുറിപ്പോടെയാണ് കോണ്‍ഗ്രസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ രാഷ്‌ട്രീയ അന്തരീക്ഷം വ്യക്‌തമാവാന്‍ ഈ വീഡിയോ മാത്രം മതിയെന്നും കോണ്‍ഗ്രസ് പറയുന്നു. വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വാങ്ങാന്‍ തിരക്ക് കൂട്ടുന്നതു കാണാം. എല്ലാവര്‍ക്കും പ്രകടനപത്രിക ലഭിക്കുമെന്നും തിരക്ക് കൂട്ടാതെ നില്‍ക്കാനും ബിജെപി പ്രവര്‍ത്തകര്‍ മറ്റുള്ളരോട് പറയുന്നുമുണ്ട്.
യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. 2019 മുതല്‍ പാര്‍ട്ടിയെ അടിത്തട്ടില്‍ നിന്നും വളര്‍ത്തി എടുക്കുന്നതിനായാണ് പ്രിയങ്കയെ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ നിയമിച്ചിരിക്കുന്നത്. മറ്റൊരു പാര്‍ട്ടിയുമായി സഖ്യമില്ലാതെ ഒറ്റക്കാണ് കോണ്‍ഗ്രസ് ഇത്തവണ മൽസരത്തിന് ഇറങ്ങുന്നത്. കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ മുഖ്യമന്ത്രി താനായേക്കാം എന്നുള്ള സൂചനകള്‍ പ്രിയങ്ക നേരത്തെ നല്‍കിയിരുന്നു.
राजनीति में ऐसी तस्वीरें दुर्लभ हैं-
भाजपा की रैली से लौट रहे लोगों ने @priyankagandhi जी से घोषणा पत्र और ‘लड़की हूं, लड़ सकती हूं’ की प्रचार सामग्री मांगी और साथ में सेल्फी ली।
ये वीडियो यूपी के माहौल को स्पष्ट करने के लिए काफी है। pic.twitter.com/Y23C4Yj3Ri
— Congress (@INCIndia) February 22, 2022
Most Read: നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദത്തിന് തയ്യാർ; ഇമ്രാൻ ഖാൻ