പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്‌ത്രം അഴിപ്പിച്ചു അധിക്ഷേപിച്ചതായി പരാതി. പ്രീമെട്രിക് ഗേൾസ് ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിലെ നാല് ആദിവാസി വിദ്യാർഥികൾക്കാണ് സഹപാഠികൾക്ക് മുന്നിൽ ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. മറ്റുള്ള വിദ്യാർഥികൾക്ക് മുന്നിൽ വെച്ച് നിർബന്ധിച്ചു വസ്‌ത്രം അഴിപ്പിച്ചതായാണ് പരാതി. ഈ മാസം 22നാണ് സംഭവം.
ഹോസ്‌റ്റലിലെ ചില കുട്ടികൾക്ക് ചർമരോഗമുള്ളതിനാൽ പരസ്‌പരം വസ്‌ത്രം മാറി ധരിക്കരുതെന്ന് ജീവനക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ നാല് പേർ നിർദ്ദേശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സഹപാഠികളുടെ മുന്നിൽവെച്ചു വസ്‌ത്രം അഴിപ്പിച്ചു അവരവരുടെ തന്നെ വസ്‌ത്രം ധരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. ഇതോടെ മാനസിക സമ്മർദ്ദത്തിലായ വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിക്കുക ആയിരുന്നു.
തുടർന്ന് രക്ഷിതാക്കൾ എത്തിയാണ് പോലീസിൽ പരാതി നൽകിയത്. ഷോളയൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തി. സംഭവത്തിൽ ഹോസ്‌റ്റൽ വാർഡൻ, ആയ, കൗൺസിലർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഹോസ്‌റ്റൽ ജീവനക്കാരായ ആതിര, കൗസല്യ, കസ്‌തൂരി, സുജ എന്നിവർക്കെതിരെയാണ് കേസ്.
അതേസമയം, കുട്ടികൾക്ക് ചർമരോഗം പടരാൻ സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ വസ്‌ത്രം ധരിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ച കുട്ടികളോട് വസ്‌ത്രം മാറി വരാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് ഹോസ്‌റ്റൽ ജീവനക്കാരുടെ പ്രതികരണം.
Most Read| ‘കാനഡ ഭീകരരുടെ സുരക്ഷിത താവളം’; ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം- ശ്രീലങ്ക