ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കത്തിലൂടെയാണ് രാഹുലിന്റെ അഭ്യർഥന.
കോവിഡ് പ്രതിരോധത്തിലെ സർക്കാരിന്റെ വീഴ്‌ചയാണ് രാജ്യത്തെ വീണ്ടും ലോക്ക്ഡൗണിലേക്ക് നയിച്ചതെന്നും കോവിഡ് വ്യാപനത്തിന്റെ ഇരകൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.
‘ഇന്ത്യയെ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. മറിച്ചായാൽ വൈറസിന്റെ വ്യാപനം രാജ്യത്ത് രൂക്ഷമാകും. ഈയൊരു സാഹചര്യത്തിൽ കഴിയുന്നതെല്ലാം ചെയ്യണം. എത്രയും വേഗം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിനേഷൻ ലഭ്യമാക്കാനുള്ള നടപടി എടുക്കണം’; രാഹുൽ കത്തിൽ വ്യക്‌തമാക്കി.
എല്ലാവർക്കും കൃത്യമായി വാക്‌സിനേഷൻ പൂർത്തിയാക്കാത്തത് ഉൾപ്പടെ കോവിഡിനെ രാജ്യം നേരിട്ട രീതിയാണ് രണ്ടാം ഘട്ട വ്യാപനത്തിന് കാരണമായതെന്ന് കുറ്റപ്പെടുത്തിയ രാഹുൽഗാന്ധി ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വലുതായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.
Read Also: കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ; അന്വേഷിക്കാൻ ആലപ്പുഴ കളക്‌ടറുടെ നിർദ്ദേശം