മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും മൃതദേഹം നാട്ടിലെത്തിച്ചു. അർധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്‌റ്റുമോർട്ടം പുലർച്ചെ നാലുമണിയോടെയാണ് പൂർത്തിയായത്. രാവിലെ 6.15ഓടെയാണ് പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലൻസുകൾ മലപ്പുറത്തേക്ക് പുറപ്പെട്ടത്.
ഒമ്പത് ആംബുലൻസുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. 9.04ഓടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ മൃതദേഹങ്ങൾ എത്തിച്ചു. ഇവിടുത്തെ പൊതുദർശനത്തിന് ശേഷമായിരിക്കും വീടുകളിലേക്ക് കൊണ്ടുപോവുക. വൈകീട്ടോടെ സംസ്‌കാരം നടക്കും. അപകട വിവരമറിഞ്ഞ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും പാങ്ങ് സ്‌കൂളിൽ എത്തിയിട്ടുണ്ട്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ അധ്യാപകരടങ്ങുന്ന വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ ഇന്നലെ വൈകീട്ട് 5.20നാണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. ചുരത്തിലെ 13ആം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിലിടിച്ച് പലവട്ടം കീഴ്‌മേൽ മറിഞ്ഞാണ് ഒമ്പതാം വളവിലേക്ക് പതിച്ചത്.
അപകടത്തിൽ വാഹനം പൂർണമായി തകർന്നിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്‌റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പടെ 13 പേർ യാത്ര പോയത്. ഏഴ് സ്‌ത്രീകളും ഒരു കുട്ടിയുടെ ഒരു പുരുഷനും ഉൾപ്പടെ ഒമ്പതുപേരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
മരിച്ചവരുടെ വിവരങ്ങൾ
പി. അജിത (54)- പ്രധാനാധ്യാപിക
റംലത്ത് (52)- അധ്യാപിക
സുഹറ (43)- അധ്യാപിക
അബ്‌ദുൽ മജീദ് (43)- അധ്യാപകൻ
റുഖിയ (39)- മജീദിന്റെ ഭാര്യ
സാജിത (37)- സ്‌കൂളിലെ പാചകത്തൊഴിലാളി
ഹിഷാം (12)- സുഹറയുടെ മകൻ
ഷക്കീന (37)- സമീപ സ്‌കൂളായ ജിയുപിയിലെ അധ്യാപിക
കാഴ്‌ച പരിമിതിയുള്ള അബ്‌ദുൽ മജീദിന് കൂട്ടുപോയതായിരുന്നു ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. താൻ ഇത്ര കാലവും ജോലി ചെയ്‌ത സ്‌കൂളിലെ വിനോദയാത്രയിൽ അവർ ഒപ്പം കൂടുകയായിരുന്നു.
മരിച്ച സാജിദയുടെ മകൻ ഷഹദീൻ (11), ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവർ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ളത്. ഇവരെ കൂടാതെ അപകടത്തിൽ നിസാര പരിക്കോടെ അത്‌ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മഹ്‌നീൻ എന്ന കുട്ടിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഷക്കീനയുടെ മകളാണ്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം



































