വീട്ടുകാർക്കൊപ്പം ഒന്നിച്ചുകാണാൻ കഴിയുന്ന ഒരു പക്കാ ഫാമിലി ചിത്രമാണ് തിയേറ്ററിൽ തുടരുന്ന വോയ്‌സ് ഓഫ് സത്യനാഥൻ (Voice of Satyanathan). നിറഞ്ഞ സദസിൽ ഓടുന്ന ചിത്രം ബോക്‌സ് ഓഫീസിൽ പത്തുകോടിയിലേക്ക് പ്രവേശിച്ചാണ് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത്.
നർമ്മത്തിൽ പൊതിഞ്ഞ കഥാ സന്ദർഭത്തിലൂടെ അൽപം സീരിയസായ ഒരു കഥ പ്രേക്ഷകരിലേക്കെത്തിച്ച സംവിധായകൻ റാഫിക്കും ദിലീപ് – സിദ്ദീഖ് – ജോജു കൂട്ടുകെട്ടിനും ആശ്വസിക്കാവുന്ന ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ.
ചിരിയുടെ ഉൽസവമായ ആദ്യപകുതിയും ചിരിയോടൊപ്പം സസ്‌പെൻസ് നിറഞ്ഞ രണ്ടാം പകുതിയും മികച്ച നിലവാരം പുലർത്തുന്നുണ്ട്. ദിലീപിന്റെയും സിദ്ദീഖിന്റെയും കോമഡി പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. യുക്‌തി ഉപയോഗിച്ച് വിശകലനം ചെയ്യേണ്ട സിനിമയല്ല, പകരം പരിസരം മറന്നു കുടുംബത്തോടൊപ്പം ചിരിക്കാനുള്ള സിനിമയാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന് പറയുന്നതാണ് കൂടുതൽ ശരി.
മലയാളിക്ക് നഷ്‌ടപ്പെട്ടിരുന്ന ‘ജനപ്രിയനായകൻ’ എന്ന ദിലീപ് ടൈറ്റിൽ അക്ഷരാർഥത്തിൽ ശരിവെക്കുന്ന ചിത്രത്തിൽ നടന്റെ കോമഡിയിലെ മെയ്‌വഴക്കം എടുത്തു പറയേണ്ടതാണ്. സിദ്ദീഖും മികച്ച ഫോമിലാണ് ചിത്രത്തിൽ ഉള്ളത്. ജോജുവും ഒരു രക്ഷയുമല്ലാത്ത അഭിനയമാണ് കുടുംബ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സത്യനാഥനെന്ന കഥാപാത്രം ദിലീപിന്റെ പൂർണമായും കെെകളിൽ ഭദ്രമാണെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
സിദ്ദിഖ് അവതരിപ്പിച്ച തബല വർക്കി, തവള വർക്കിയാകുന്നത് ഉൾപ്പടെയുള്ള സീനുകൾ പ്രേക്ഷകനെ ചിരിപ്പിച്ച് കെെയടി നേടുന്നുണ്ട്. ദിലീപും സിദ്ദീഖും തമ്മിലുള്ള കോംബിനേഷൻ സീനുകൾ സിനിമയുടെ പ്രധാന ആകർഷണമാണ്. ചില സീനുകളിൽ മറ്റുചില ചിത്രങ്ങൾ ഓർമവരുമെങ്കിലും തിയേറ്റർ വിട്ടു പുറത്തിറങ്ങുമ്പോൾ അത് സിനിമയെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. ശക്‌തമായ തിരക്കഥ പ്രതീക്ഷിക്കുന്നതിന് പകരം ദിലീപിന്റെ ഒരു അടിപൊളി ഫാമിലി ചിത്രം എന്ന നിലയിൽ ചിത്രത്തിനെ സമീപിച്ചാൽ ഒരിക്കലും നിരാശ തോന്നില്ല.
കുറച്ചൊക്കെ കള്ളത്തരങ്ങൾ കെെവശമുള്ള സത്യനാഥന്റേയും ഭാര്യയുടേയും കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. നാക്കുപിഴകൊണ്ട് ടൈറ്റിൽ കഥാപാത്രമായ സത്യനാഥൻ നേരിടുന്ന പ്രശ്‌നങ്ങളിൽ ആരംഭിക്കുന്ന സിനിമ ചിരിക്കാൻ ഒട്ടേറെ സിറ്റുവേഷണൽ മുഹൂർത്തങ്ങൾ ഒരുക്കുന്നുണ്ട്. നാക്കുപിഴകൊണ്ട് ഒന്ന് മിണ്ടാൻ പോലും മടിക്കുന്ന സത്യനാഥനിൽ നിന്ന്, അനീതിക്കെതിരെ നാവ് ഉയർത്തുന്ന സത്യനാഥനിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കയറിവന്ന ജോജു കുടുംബങ്ങളെ ഒരുനിമിഷം കണ്ണീരണിയിക്കുന്നുണ്ട്.
തമാശകൾക്കൊപ്പം ഗൗരവമേറിയ പ്രമേയവും കെെകാര്യം ചെയ്യുന്ന ചിത്രത്തിൽ വീണ നന്ദകുമാറാണ് നായികയായി എത്തുന്നത്. ജോജു ജോർജ്, സിദ്ദീഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അനുപം ഖേർ, മകരന്ദ് ദേശ്‌പാണ്ഡെ, ജഗപതി ബാബു, അനുശ്രീ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. എല്ലാ അഭിനേതാക്കൾക്കും കൃത്യമായ സ്‌പേസ് നൽകാൻ സംവിധായകൻ റാഫി ശ്രദ്ധിച്ചിട്ടുണ്ട്.
ജിതിൻ സ്‌റ്റാൻൻസിലാവോസ്, സ്വരൂപ് ഫിലിപ്പ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം. ഷമീർ മുഹമ്മദാണ് എഡിറ്റിങ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
MOST READ | സൗദിവനിത ബഹിരാകാശ യാത്രക്ക്