അനുവാദം നൽകാൻ താങ്കൾ ആരാണ്? രാഹുലിനോട് ക്ഷുഭിതനായി സ്‌പീക്കർ

By Desk Reporter, Malabar News
Speaker-Raps-Rahul-Gandhi-In-Parliament
Ajwa Travels

ന്യൂഡെൽഹി: ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കിടെ പാർലമെന്ററി നടപടിക്രമങ്ങൾ പാലിക്കാത്തതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് ക്ഷുഭിതനായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ മറ്റൊരു എംപിക്ക് സംസാരിക്കാൻ രാഹുൽ അനുമതി നൽകിയതിന് പിന്നാലെ ആയിരുന്നു സ്‌പീക്കർ ക്ഷുഭിതനായത്.

“ഈ അനുമതി നൽകാൻ നിങ്ങൾ ആരാണ്? നിങ്ങൾക്ക് അനുമതി നൽകാൻ കഴിയില്ല, അത് എന്റെ അവകാശമാണ്. ആർക്കും അനുവാദം നൽകാൻ നിങ്ങൾക്ക് അവകാശമില്ല, ചെയറിന് മാത്രമേ അതിനെല്ലാം അനുവാദം നൽകാനാവൂ,”- സ്‌പീക്കർ ഓം ബിർള രാഹുലിനോട് പറഞ്ഞു.

എന്നാൽ ഇതിന് മറുപടിയായി രാഹുൽ പറഞ്ഞത് ഇങ്ങനെ; “ഞാനൊരു ജനാധിപത്യവാദിയാണ്, മറ്റുള്ളവർക്ക് സംസാരിക്കാനുള്ള അനുവാദം ഞാൻ നൽകും.” രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ലെന്ന് രാഹുൽ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു.

“ഇന്ത്യയെ ഭരണഘടനയിൽ വിശേഷിപ്പിക്കുന്നത് ഒരു രാജ്യമായിട്ടല്ല, സംസ്‌ഥാനങ്ങളുടെ യൂണിയനായിട്ടാണ്. ഒരാൾക്ക് മാത്രമായിട്ട് ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലേയും ജനങ്ങളെ ഭരിക്കാൻ സാധിക്കില്ല. വ്യത്യസ്‌ത ഭാഷകളേയും സംസ്‌കാരങ്ങളേയും അടിച്ചമർത്താൻ സാധിക്കില്ല. ഇതൊരു കൂട്ടായ്‌മയാണ്, രാജഭരണമല്ല,”- എന്നായിരുന്നു രാഹുലിന്റെ പ്രസ്‌താവന.

1947ൽ രാജഭരണം എന്ന ആശയത്തെ കോൺഗ്രസ് തകർത്തു. എന്നാൽ ഇപ്പോൾ അത് വീണ്ടും തിരിച്ചു വന്നിരിക്കുന്നു. കേന്ദ്രത്തിൽ നിന്നുള്ള വടി കൊണ്ട് ഇന്ത്യ ഭരിക്കാം എന്ന കാഴ്‌ചപ്പാടാണ് നിലവിലുള്ളത്. എന്നാൽ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ ആ വടി ഓരോ തവണയും ഒടിയുന്നതായിട്ടാണ്.

നിലവിൽ രണ്ട് വ്യത്യസ്‌ത ഇന്ത്യകളാണ് ഉള്ളത്. ഒന്ന് സമ്പന്നരുടേയും മറ്റൊന്ന് ദരിദ്രരുടേയും. ഇരുവരും തമ്മിലുള്ള അന്തരം വർധിച്ചു വരികയാണെന്നും രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞിരുന്നു.

കൂടാതെ ചൈനയെയും പാകിസ്‌ഥാനെയും പരാമർശിച്ചും രാഹുൽ ഗാന്ധി പ്രസ്‌താവന നടത്തിയിരുന്നു. ചൈനയെയും പാകിസ്‌ഥാനെയും ഒരുമിച്ച് അണിനിരത്തി എന്നതാണ് ഈ രാജ്യത്തെ ജനങ്ങളോട് ബിജെപി സര്‍ക്കാര്‍ ചെയ്‌ത ഏറ്റവും വലിയ കുറ്റകൃത്യം എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

എന്നാൽ, രാഹുലിന്റെ പ്രസ്‌താവന തള്ളി അമേരിക്ക ഇന്ന് രംഗത്ത് വന്നു. ഇത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കില്ലെന്നും ചൈന-പാകിസ്‌ഥാന്‍ ബന്ധത്തെക്കുറിച്ച് അവര്‍ തന്നെ പറയട്ടേയെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ പ്രതികരിച്ചു. ചൈനയുടേയും പാകിസ്‌ഥാന്റെയും ബന്ധം സംബന്ധിച്ച വിഷയം പാകിസ്‌ഥാനും പിആര്‍സി (പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് ചൈന)ക്കും വിടുകയാണെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ നെഡ് പ്രൈസിന്റെ പ്രതികരണം.

Most Read:  ഈ ഭക്ഷണങ്ങൾ മുടി കൊഴിച്ചിലിന് കാരണമായേക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE