പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി വനിതാ കമ്മീഷൻ. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട് നൽകാൻ ആവശ്യപ്പെട്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്‌തമാക്കി.
മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. എന്നാൽ, മുറിയിൽ ഉണ്ടായിരുന്ന വനിതാ നേതാക്കൾ പരാതി നൽകിയിട്ടില്ല. കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അർധരാത്രി 12.10ഓടെ ഷാനിമോൾ ഉസ്‌മാനും ബിന്ദുകൃഷ്‌ണയും താമസിച്ച മുറികളിൽ പോലീസ് പരിശോധന നടത്തിയത്.
ഹോട്ടലിൽ ഷാനിമോൾ ഉസ്‌മാൻ തനിച്ചായിരുന്നപ്പോൾ ഐഡി കാർഡ് പോലും കാണിക്കാതെ വനിതാ പോലീസിനോടൊപ്പമല്ലാതെ പുരുഷ പോലീസ് മാത്രമായി പരിശോധനയ്‌ക്കെത്തി എന്നതായിരുന്നു പരാതി. വനിതാ പോലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലേ പരിശോധിക്കാനാകൂ എന്ന് ഷാനിമോൾ ഉസ്‌മാൻ നിലപാടെടുത്തു.
പുരുഷ പോലീസ് കോൺഗ്രസിലെ വനിതാ നേതാക്കളുടെ ബാഗുകൾ പരിശോധിച്ചെന്നും ഷാനിമോളും ബിന്ദുവും ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങളിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ റിപ്പോർട് ആവശ്യപ്പെട്ടിരിക്കുന്നത്.
വളരെ മോശമായ കാര്യമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഷാനിമോൾ ഉസ്‌മാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൂന്നര പതിറ്റാണ്ടായി രാഷ്‌ട്രീയത്തിലുണ്ട്. സ്‌ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്‌ത നടപടിയാണുണ്ടായതെന്നും ഷാനിമോൾ പറഞ്ഞു. സ്‌ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്‌ണയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ കൂടുതൽ ചർച്ചയായ പശ്‌ചാത്തലത്തിൽ സീരിയൽ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങളും പരിശോധിക്കുമെന്ന് ഇന്ന് വനിതാ കമ്മീഷൻ അധ്യക്ഷ മാദ്ധ്യമങ്ങളോട് പറഞ്ഞു. സീരിയൽ മേഖലയിൽ സെൻസറിങ് അനിവാര്യമാണ്. മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട് 2017-18 കാലത്ത് നൽകിയിട്ടുള്ളതാണ്. സീരിയലുകൾ ചില തെറ്റായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നുണ്ട്. സീരിയൽ രംഗത്തെ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പരാതികളിൽ നടപടി സ്വീകരിച്ചു വരികയാണെന്നും പി സതീദേവി കൂട്ടിച്ചേർത്തു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!