കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നമ്മുടെ രാജ്യത്ത് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബവും ഉള്ളത്. വടക്കുകിഴക്കന്‍ സംസ്‌ഥാനമായ മിസോറാമിലാണ് ആ കുടുംബം. അവിടുത്തെ വിശേഷങ്ങളാവട്ടെ, പറഞ്ഞാല്‍ തീരാത്ത അത്രേയുമുണ്ട്. ആകെ 180 പേരാണ് കുടുംബത്തിലെ അംഗങ്ങള്‍. എഴുപത്തിയഞ്ചുകാരനായ സിയോണയാണ് കുടുംബനാഥന്‍. 39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും 33 പേരക്കുട്ടികളും അടങ്ങുന്നതാണ് സിയോണിന്റെ കുടുംബം.
നാലു നിലയില്‍ 100 മുറികളുള്ള ഒരു പടുകൂറ്റന്‍ വീട്ടിലാണ് എല്ലാവരും താമസിക്കുന്നത്. മീസോറാമിലെ ബക്‌ത്വങ് ഗ്രാമത്തിലാണ് വീട്. വസതി എന്നര്‍ഥമുള്ള ഛുവാന്ദര്‍ റണ്‍ എന്നാണ് ഈ വീട് അറിയപ്പെടുന്നത്. ബഹുഭാര്യാത്വം അനുവദിക്കുന്ന ഒരു സഭയും അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. താന്‍ ദൈവത്തിന്റെ പ്രത്യേക പരിഗണനയുള്ള ആളാണെന്നാണ് സിയോണ്‍ കരുതുന്നത്.
കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കാന്‍ നിരവധി പേരുണ്ട്. 39 പേരുടെ ഭര്‍ത്താവാകാനും വലിയ കുടുംബത്തിന്റെ നാഥനാവാനും കഴിഞ്ഞത് ഭാഗ്യമാണെന്നാണ് അദ്ദേഹം കരുതുന്നത്. ഒരു വര്‍ഷത്തില്‍ പത്ത് വിവാഹം കഴിച്ച് സിയോണ്‍ നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിയോണയുടെ ഏറ്റവും പ്രായമുള്ള ഭാര്യ സത്ത്യാങ്കിയുടെ പ്രായം 71 ആണ്. 17 വയസിലാണ് ഇവരുടെ വിവാഹം നടന്നത്. സിയോണയുടെ അവസാന വിവാഹം നടന്നിട്ട് അധികമായിട്ടില്ല.
വീടിനോട് ചേര്‍ന്നു തന്നെ സ്‌കൂളും മൈതാനവും മരപ്പണിശാലകളും നെല്‍പ്പാടങ്ങളും പച്ചക്കറി തോട്ടങ്ങളും കോഴി, പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളുമുണ്ട്. കൂടാതെ, കുടുംബത്തിലെ എല്ലാ പുരുഷന്‍മാരും മരപ്പണിക്കാരാണ്. ഇതൊക്കെയാണ് കുടുംബത്തിന്റെ വരുമാനമാര്‍ഗം. സര്‍ക്കാരില്‍ നിന്ന് സഹായമൊന്നും ആവശ്യമില്ല.
Also Read: വാരാണസിയിൽ രാജീവ് ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം
മാനവികതക്ക് മാതൃകയാണ് സിയോണയുടെ പ്രവൃത്തികളെന്ന് മൂത്തമകന്‍ പാര്‍ലിയാന പറയുന്നു. ദരിദ്രരും അനാഥകളുമായ സ്‍ത്രീകളെയാണ് അധികവും പിതാവ് വിവാഹം കഴിച്ചത്. വീട്ടിലെ സഹോദരീ- സഹോദരന്‍മാരുടെ എണ്ണമെടുപ്പ് ഒരു വന്‍ പണിയാണ്. പക്ഷെ, എല്ലാവരും സുരക്ഷിതമായ ജീവിതമാണ് നയിക്കുന്നത്. പ്രായമിത്രയായെങ്കിലും ഇനിയും വിവാഹം കഴിക്കാന്‍ സിയോണക്കു താല്‍പര്യമുണ്ട്. സഭയുടെ വികാസത്തിനായി അമേരിക്കയില്‍ പോലും പോയി വിവാഹം കഴിക്കാന്‍ തയാറാണെന്നും അദ്ദേഹം പറയുന്നു.