136ൽ കോൺഗ്രസ്; മോദിപ്രഭാവം തോൽവിയുടെ മടിത്തട്ടിൽ; അമരനായി ഡികെ ശിവകുമാർ

136 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 65 ലേക്ക് ഒതുങ്ങി മോദി-അമിത്‌ഷാ കൂട്ടുകെട്ടും ബിജെപിയും. വെറും 19 സീറ്റുകളിലേക്ക് തഴയപ്പെട്ട് ജനതാദൾ എസും. 4 സീറ്റിൽ സ്വതന്ത്രരുമുണ്ട്. ഭരണത്തുടർച്ചയെന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള ബിജെപിയുടെ അടവുകളെല്ലാം പിഴച്ചു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ എന്ന ഡികെ ശിവകുമാർ 1,22,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബിജിപിക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നത്.

By Trainee Reporter, Malabar News
sidharamayya and DK Sivakumar
Ajwa Travels

ബെംഗളൂരു: ബിജെപി തകർന്നടിഞ്ഞു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. 136 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 65ലേക്ക് ഒതുങ്ങി മോദി-അമിത്‌ഷാ കൂട്ടുകെട്ടും ബിജെപിയും. വെറും 19 സീറ്റുകളിലേക്ക് തഴയപ്പെട്ട് ജനതാദൾ എസും. 4 സീറ്റിൽ സ്വതന്ത്രരുമുണ്ട്.

ഭരണത്തുടർച്ചയെന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള ബിജെപിയുടെ അടവുകളെല്ലാം പിഴച്ചു. പ്രധാനമന്ത്രി മോദി സകല പവറും എടുത്ത് നേരിട്ടിറങ്ങി റോഡ്‌ഷോകളും സംസ്‌ഥാനത്തുടനീളം പ്രസംഗങ്ങളും ഉൾപ്പടെ പതിനായിരത്തിലധികം പ്രചരണ പരിപാടികൾ നടത്തിയിട്ടും വന്‍തിരിച്ചടി നേരിട്ടാണ് ബിജെപി കർണാടകയിൽ തകർന്നടിഞ്ഞത്.

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ എന്ന ഡികെ ശിവകുമാർ 1,22,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബിജിപിക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നത്. കർണാടകയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഡികെയുടെതുമാണ്. ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളി സീറ്റിൽ സിപിഎം, കോൺഗ്രസിനു പിന്നിൽ മൂന്നാം സ്‌ഥാനത്താണ്. ഇവർ മൽസരിച്ച നാല് മണ്ഡലങ്ങളിലും പാർട്ടി സ്‌ഥാനാർഥികൾ പരാജയപ്പെട്ടു. നാലിടത്തും കോൺഗ്രസിനോടാണ് തോറ്റത്.

കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌ത റാലിയോടെയായിരുന്നു കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സിപിഎം തുടക്കം കുറിച്ചത്. രാഷ്‌ട്രീയ വിശ്വസ്യതയും പ്രത്യയശാസ്‌ത്ര സ്‌ഥിരതയും ഇല്ലാത്ത ജെഡിഎസ്‌ പിന്തുണയിൽ മൽസരിച്ചതു കൊണ്ടാണ് ഈ പരാജയമെന്ന് ബാഗേപ്പള്ളിയിൽ പലചരക്ക് കച്ചവടം ചെയ്യുന്ന തിരൂർ സ്വദേശി അഷ്റഫ് പറയുന്നു.

sidharamayya and DK Shivakumar
സിദ്ധരാമയ്യയും ഡികെ ശിവകുമാറും

അതേസമയം, ഫാസിസത്തിന്റെ പ്രതിരോധ നായകനായും കോൺഗ്രസിന്റെ ജീവനാഡിയുമായി ജനമേറ്റെടുത്ത ഡികെ ശിവകുമാർ 2017 മുതൽ, രാപകൽ വിശ്രമമില്ലാത്ത പരിശ്രമവും തന്ത്രങ്ങളുമാണ് കോൺഗ്രസിനെ ശക്‌തമായി തിരിച്ചെത്തിച്ചതെന്ന് നഗരജനതക്കൊപ്പം അഷ്‌റഫും സാക്ഷ്യപ്പെടുത്തുന്നു. രാഹുലിനും കോൺഗ്രസിനും ഒപ്പം ഉറച്ചുനിന്ന് ബിജെപിയുടെ എല്ലാ കണക്കു കൂട്ടലുകളെയും തകര്‍ത്ത്‌ ഡികെ ശിവകുമാര്‍ എന്ന തന്ത്രജ്‌ഞൻ കോണ്‍ഗ്രസിനെ ഉറച്ച വിജയത്തിലെത്തിച്ചു എന്നുവേണം പറയാൻ.

27ആം വയസിൽ ജനതാദൾ എസ് സ്‌ഥാപകനും ഇന്ത്യയുടെ പ്രധാനമന്ത്രിയും ആയിരുന്ന എച്ച്ഡി ദേവെഗൗഡയെന്ന അതികായനെ 1989 ൽ പരാജയപ്പെടുത്തി നേടിയ ഐതിഹാസിക വിജയത്തോടെയാണ് ഡികെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങോട്ട് പ്രമുഖരായ നിരവധി ദേശീയ നേതാക്കളെ നിരന്തരം പരാജയപ്പെടുത്തിയാണ് ഡികെ വളർന്നുകൊണ്ടേ ഇരുന്നത്. പക്ഷെ, ബിജെപി അധികാരത്തിലെത്തിയ മൂന്നാം മാസം മുതൽ ആരംഭിച്ച കേന്ദ്ര അന്വേഷണ ഏജൻസികളുടെ സ്‌ഥിരം വേട്ട ഇദ്ദേഹത്തെ പലപ്പോഴും തളർത്തി. 840 കോടി രൂപയുടെ ആസ്‌ഥിയുള്ള ഈ മനുഷ്യൻ കേന്ദ്രവേട്ടയിൽ തീഹാർ ജയിലിൽ കഴിഞ്ഞത് 50 ദിവസമാണ്.

2023-karnataka-election-result-malayalam _ DK Shivakumar
ഡികെയെ ജയിലിലേക്ക് മാറ്റുന്ന പഴയ ദൃശ്യം

ഡികെ നേരിട്ട അത്രയും കേന്ദ്രഏജൻസികളുടെ വേട്ടയാടലും അറസ്‌റ്റും അറസ്‌റ്റു ഭീഷണികളും ഇന്ത്യൻ രാഷ്‌ട്രീയത്തിൽ തന്നെ മറ്റാരും നേരിട്ടിട്ടില്ല. ഡികെയുടെ വീടിന്റെ വാതിലില്‍ രാവിലെ മുട്ടി വിളിച്ചുണര്‍ത്തിയിരുന്നത് പലപ്പോഴും ഇഡി ഉദ്യോഗസ്‌ഥരായിരുന്നു. അപ്പോഴും ഡികെ പറഞ്ഞു; എത്രവേട്ടയാടിയാലും മരണംവരെ ജയിലിലടച്ചാലും ഞാൻ കോൺഗ്രസ് ആയിരിക്കുമെന്ന്. ഏറെ ആഘോഷിക്കപ്പെട്ട ഈ പ്രഖ്യാപനം കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്‌ത്രത്തിന് നൽകിയ ഊർജം ചെറുതായിരുന്നില്ല.

2023-karnataka-election-result-malayalam _ DK Shivakumar
ഡികെയെ ജയിലിലേക്ക് മാറ്റുന്ന പഴയ ദൃശ്യം

ഇന്ന് കർണാടക ജനതക്ക് വീരനായകനാണ് ഡികെ ശിവകുമാര്‍ എന്ന ഡികെ. ഹൈക്കമാന്‍ഡിനും വിവിധ സംസ്‌ഥാന മുഖ്യമന്ത്രിമാരേയും സര്‍ക്കാരുകളേയും പലതവണ ഡികെ രക്ഷിച്ചു. 2019ല്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ട് ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ സകല അടവുകളും പയറ്റിയാണ് പരാജയം സമ്മതിച്ചത്. അന്നുമുതൽ ഇന്നലെ രാത്രിവരെ എണ്ണയിട്ട യന്ത്രംപോലെ രാവും പകലും ബിജിപിയുടെ തകർച്ചക്ക് വേണ്ടിയുള്ള പ്രവർത്തനത്തിലായിരുന്നു ഡികെ. ബിജെപിയുടെ തകർച്ച ഒരു മഹാവാശിയായാണ് ഇദ്ദേഹം കണ്ടത്.

ഒട്ടനേകം മേഖലകളിൽ ബിസിനസുള്ള ഡികെക്ക് പണവും ഒരു പ്രശ്‌നമായില്ല. പണമൊഴുക്കിയും ആളെ ഇറക്കിയും സംസ്‌ഥാനത്തുടനീളം ഡികെ സ്വാധീനം ഉറപ്പിച്ചു. ശേഷമാണ് തിരഞ്ഞെടുപ്പ് നേരിടാനുള്ള തന്ത്രങ്ങളിലേക്ക് ഡികെ കടന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പെന്ന്, രാഷ്‌ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലെ ഈഫലം കോൺഗ്രസിന്, ദേശീയ രാഷ്‌ട്രീയത്തിൽ വലിയ ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ.

ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്‌ഥാനമായിരുന്നു കർണാടക. കൈവിട്ടു പോകാതിരിക്കാന്‍ ആവനാഴിയിലെ വർഗീയതയും തമ്മിലടിപ്പിക്കലും ഉൾപ്പടെയുള്ള സകല അസ്‌ത്രങ്ങളും ബിജെപി പ്രയോഗിച്ചുനോക്കി. എന്നിട്ടും വീഴിക്കാൻ സാധിക്കാത്ത കോൺഗ്രസ്‌ ഈ തിരഞ്ഞെടുപ്പിലൂടെ തെളിയിക്കുകയാണ്, ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിനെ ഭയന്നേപറ്റൂ എന്ന്.

വിജയം അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ കോൺഗ്രസിന് ഒപ്പം നിൽക്കുമ്പോഴും, ബിജെപിയുടെ മുൻ കർണാടക മുഖ്യമന്ത്രിയും എൻഡിഎ ദേശീയമുഖവും ആയി വിരാജിച്ചിരുന്ന, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ബിജെപി പാളയം വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിന്റെ പരാജയം ഉണ്ടാക്കുന്ന ക്ഷീണവും തലവേദനയും ചെറുതല്ല. ഒപ്പം മുഖ്യമന്ത്രി ഡികെയാണോ അതോ മുൻ മുഖ്യമന്ത്രിയും സീനിയർ നേതാവുമായ സിദ്ധരാമയ്യയോ എന്ന തലവേദനയും ചെറുതാകില്ല എന്നാണ് വിലയിരുത്തൽ.

rahul
സിദ്ധരാമയ്യയും ഡികെ ശിവകുമാറും രാഹുൽ ഗാന്ധിക്കൊപ്പം

അതേസമയം, നിർണായക വിലപേശൽ ശക്‌തിയാകുമെന്നു കരുതിയ ജനതാദൽ (എസ്) എന്ന ജെഡിഎസ്‌ കടപുഴകി വീണു എന്നുവേണം പറയാൻ. യുവ സമൂഹത്തിനിടയിൽ പ്രത്യയശാസ്‌ത്ര സ്‌ഥിരതയും രാഷ്‌ട്രീയ അഭിമാനവും മര്യാദയും ഇല്ലാത്ത വിലപേശൽ രാഷ്‌ട്രീയ പാർട്ടിയെന്ന മുദ്രനേടിക്കഴിഞ്ഞ ജെഡിഎസ്‌ ഇനിയങ്ങോട്ട് അപ്രസക്‌തമാകുമെന്നാണ് വിലയിരുത്തൽ. പലപ്പോഴും സകല രാഷ്‌ട്രീയ മര്യാദകളും കാറ്റിൽപറത്തുന്ന ജെഡിഎസിനെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ് മൈസൂരിൽ ഐടി എൻജിനീയറായ വൈശാഖ് ഗൗഢ പറയുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന 73.19 ശതമാനം ആയിരുന്നു ഇത്തവണ പോളിങ്. 2014ൽ മോദി പ്രധാനമന്ത്രിയായശേഷം, 5 വർഷം കൂടുമ്പോൾ ഭരണം മാറുന്ന ട്രെൻഡ് രാജ്യത്ത് അവസാനിക്കുകയാണ് എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, അസം, ത്രിപുര തുടങ്ങിയ സംസ്‌ഥാനങ്ങളിലെ വിജയങ്ങളും ബിജെപി എടുത്തുകാട്ടി.

റോഡ് ഷോ, പൊതുസമ്മേളനം, മഹാറാലി, തെരുവുയോഗം എന്നിങ്ങനെ 10,848 പരിപാടികൾ, പ്രധാനമന്ത്രിയുടെ 4 റോഡ് ഷോകൾ, ആർഎസ്‌എസ്‌ ഉൾപ്പടെയുള്ള പോഷക സംഘടനകളുടെ നിരന്തര പ്രവർത്തനം, ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ ആഘോഷ ഇവന്റുകൾ, സമൂഹമാധ്യമ സംഘങ്ങൾ എന്നിവരുടെ സജീവ സാന്നിധ്യം എന്നിവയെല്ലാം കൊണ്ട് കർണാടകയെ ബിജെപി ഇളക്കിമറിച്ചെങ്കിലും ജനങ്ങളുടെ മനസിൽ സ്‌ഥാനം ലഭിച്ചിട്ടില്ല എന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ബിജിപിയെ അവസാന നിമിഷം വഴിമാറ്റാൻ പ്രേരിപ്പിച്ചു.

കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡികെ ശിവകുമാർ

അപകടം മണത്ത, ബിജെപി ഇതോടെ പതിയെ ഹിന്ദുത്വ അജൻഡയിലേക്ക് ഗിയർ മാറ്റി. കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്‌ദാനമായ തീവ്ര ഹിന്ദുത്വ സംഘടന ബജ്‌റംഗദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനത്തിൽ പിടിച്ച്, വർഗീയതയുടെ തീക്കാറ്റ് ആളിപ്പടർത്താനും പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ബിജെപി ശ്രമിച്ചു.

ഹനുമാൻ ചാലിസ ആലപിച്ച്, ഹനുമാൻ ക്ഷേത്രങ്ങളിൽ പൂജകൾ ചെയ്‌ത ബിജെപി പഴയ വീഞ്ഞ് പുറത്തെടുത്തു. കിലോമീറ്ററുകൾ നീണ്ട റോഡ് ഷോ കടന്നുപോയ വഴികളിൽ ഹനുമാന്റെ പ്രതിമകൾക്കു മുന്നിൽ വഴങ്ങിയും പുഷ്‌പാർച്ചന നടത്തിയും മോദിയുടെ വീഞ്ഞ് പുറത്തെടുത്തെങ്കിലും ഇതു നാടകമാണെന്ന് ജനം വിലയിരുത്തി.

തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിലെ 4 ശതമാനം മുസ്‌ലിം സംവരണം റദ്ദാക്കി നയം വ്യക്‌തമാക്കിയ ബിജെപി, ഏകവ്യക്‌തി നിയമവും ദേശീയ പൗരത്വ രജിസ്‌റ്ററും നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ദേശീയതലത്തിൽ വിവാദമായ ‘ദ് കേരള സ്‌റ്റോറി’ എന്ന സിനിമയും ചർച്ചയാക്കി. തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്നും വോട്ടു നേടാനായി തീവ്രവാദത്തോട് കോൺഗ്രസ് മൃദുസമീപനമാണ് സ്വീകരിച്ചതെന്നും മോദി നേരിട്ട് അഭിപ്രായപ്പെട്ടു.

അതേസമയം കോൺഗ്രസ്, സ്‌ഥിരതയുള്ള പ്രത്യയ ശാസ്‌ത്രത്തെ അടിസ്‌ഥാനമാക്കി മനുഷ്യന്റെ പ്രശ്‌നങ്ങളിലും സാമൂഹിക വിഷയങ്ങളിലും ശ്രദ്ധയൂന്നി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇതും കോൺഗ്രസ്‌ വിജയത്തിന് അടിത്തറയേകി. അതെ, കനലായി എരിഞ്ഞു, രാജ്യമാകെ ആളിപ്പടരാൻ കാത്തിരിക്കുന്ന കോൺഗ്രസിനെയാണ് കർണാടക കാണിച്ചു നൽകുന്നത്.

Most Read: ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE