തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 4099 പേർ. ഔദ്യോഗിക മരണസംഖ്യ 20000 കടന്നു. രണ്ടുഡോസ് വാക്‌സിൻ എടുത്ത 95 പേരാണ് മരണത്തിന് കീഴടങ്ങിയത്.
കോവിഡ് വ്യാപന നിരക്ക് വർധിക്കുന്നതിനിടെ ആനുപാതികമായി മരണനിരക്കും കൂടുകയാണ്. ജൂലൈ 26 മുതൽ ഓഗസ്‌റ്റ് 26 വരെയുള്ള കാലയളവിൽ മാത്രം 4099 ജീവനുകൾ കോവിഡ് കവർന്നു. ആദ്യ തരംഗത്തിലെ 10,000ത്തിലേറെ ഒളിപ്പിക്കപ്പെട്ട മരണങ്ങൾ കൂടാതെയാണിത്. കൃത്യമായി റിപ്പോർട്ടിങ് ആരംഭിച്ച ജൂലൈ പകുതിക്ക് ശേഷം പ്രതിദിനം ശരാശരി 150 മരണങ്ങൾ സംഭവിക്കുന്നു എന്നത് ആശങ്ക ഉയർത്തുകയാണ്.
വാക്‌സിൻ എടുത്തവരുടെ മരണകണക്കുകൾ കുത്തിവെപ്പ് എടുത്താലും പ്രായമായവരും അസുഖബാധിതരും അതീവ ജാഗ്രത പുലർത്തണമെന്ന സൂചന കൂടിയാണ് നൽകുന്നത്. വാക്‌സിൻ എടുത്തവരിൽ ഓക്‌സിജൻ അളവ് താഴുന്നത് ഉൾപ്പടെ സങ്കീർണതകൾ കുറവാണ്.
ഐസിയു, വെന്റിലേറ്റർ ആവശ്യമായി വരുന്നവരുടെയും എണ്ണം പതുകെ ഉയരുന്നുണ്ട്. നിലവിൽ ഐസിയുവിൽ 2047ഉം വെന്റിലേറ്ററിൽ 790 രോഗികളുമാണുള്ളത്. രണ്ടാം ദിനവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 30000 കടന്നു. സ്‌ഥിതി രൂക്ഷമായി തുടരുന്നതിനിടെ നാളെ അവലോകന യോഗം ചേരും. കൂടുതൽ പ്രതിരോധ നടപടികൾ യോഗത്തിൽ പ്രഖ്യാപിച്ചേക്കും.
Also Read: കാക്കനാട് ലഹരിമരുന്ന് വേട്ട: എക്‌സൈസ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ; 4 പേർക്ക് സ്‌ഥലംമാറ്റം