കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തിൽ കൊച്ചിയിലെ എക്‌സൈസ് ഇൻസ്‌പെക്‌ടർ ശങ്കറിനെ സസ്‌പെൻഡ് ചെയ്‌തു. എക്‌സൈസ് സിഐ ബിനോജിനെ അടിയന്തര നടപടിയിലൂടെ കാസർഗോഡേക്ക് സ്‌ഥലംമാറ്റി. ഒപ്പം ഒരു പ്രിവന്റീവ് ഓഫിസറേയും, രണ്ട് സിവിൽ എക്‌സൈസ് ഓഫിസർമാരെയും സ്‌ഥലം മാറ്റി.
ഉദ്യോഗസ്‌ഥർക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്ന് എക്‌സൈസ് കമ്മീഷണർ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. കൊച്ചി ലഹരി മരുന്ന് കേസിലെ രണ്ടു പ്രതികളെ വിട്ടയക്കാൻ മഹസറിൽ എക്‌സൈസ് ഉദ്യോഗസ്‌ഥർ തിരിമറി നടത്തിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
11 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നതായി നേരത്തെ വ്യക്‌തമായിരുന്നു. സംഭവസ്‌ഥലത്ത് നിന്നും കസ്‌റ്റഡിയിലെടുത്ത ശേഷം എക്‌സൈസ് അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് അട്ടിമറി വ്യക്‌തമായത്. കാക്കനാട്ടെ സ്വകാര്യ ഹോട്ടലിൽ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗവും, എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പരിശോധനക്ക് എത്തിയപ്പോഴാണ് രണ്ട് യുവതികൾ മുറയിൽ നിന്ന് കവറുമായി പുറത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത്.
റെയ്‌ഡിനെത്തിയ സംഘത്തിന് ഹോട്ടൽ റൂമിൽ നിന്നും ലഭിച്ചത് ആകെ 84 ഗ്രാം എംഡിഎംഎ മാത്രമാണ്. പ്രതികൾ ഒളിപ്പിച്ച 1 കിലോ എംഡിഎംഎക്ക് പ്രതിയുമില്ല, സാക്ഷിയുമില്ല. പ്രതികളെ പിടിച്ച ഉടൻ കസ്‌റ്റംസ് എടുത്ത ഫോട്ടോയിൽ 7 പേരാണ് ഉള്ളത്. കസ്‌റ്റംസിന്റെ വാർത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാൽ എക്‌സൈസ് കേസ് ഏറ്റെടുത്തതോടെ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കി.
പ്രതികളിൽ നിന്ന് മാൻകൊമ്പും പിടിച്ചിരുന്നു. എന്നാൽ ഇത് എക്‌സൈസ് മഹസറിൽ രേഖപ്പെടുത്തിയില്ല. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 9 മൊബൈല്‍ ഫോണില്‍ 5 എണ്ണം കാണാനില്ലായിരുന്നു. റെയ്‌ഡിൽ പിടിച്ചെടുത്ത 15000 രൂപയിൽ 5000 മാത്രമാണ് മഹസറില്‍ രേഖപ്പെടുത്തിയത്. ഹോട്ടലിൽ എക്‌സൈസ് ഉദ്യോഗസ്‌ഥരുടെ റെയ്‌ഡ് പൂർത്തിയായ ശേഷമാണ് വിട്ടയച്ച യുവതിയും മറ്റൊരു യുവാവും സ്‌ഥലത്തെത്തിയതെന്നും തെളിവ് ഇല്ലാത്തതിനാൽ വിട്ടയച്ചെന്നുമാണ് മഹസർ രേഖ.
Most Read: ഡ്രോണ്‍ ചട്ടം ‘എയര്‍ ടാക്‌സി’ സര്‍വീസ് യാഥാര്‍ഥ്യമാക്കും; വ്യോമയാന മന്ത്രി