തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ചിത്രങ്ങൾ പുറത്തെത്തിയതിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മുൻമന്ത്രിയും നിലവിലെ കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ.
2025ൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്ത വരുന്നതുവരെ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കുറിച്ച് താൻ മനസിലാക്കിയത് ശരിയായ ഒരു ഭക്തൻ എന്ന നിലയ്ക്കാണ്. അതിനപ്പുറമൊന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല. ഒരുവട്ടം പോറ്റിയുടെ വീട്ടിൽ പോയി എന്ന് നേരത്തെ പറഞ്ഞത് ഓർമയിൽ നിന്നാണ്. ഏഴെട്ട് വർഷം മുമ്പത്തെ കാര്യമാണ്.
ഒരു കുട്ടിക്ക് മൊമെന്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുള്ളത്. ആ മോളെ കണ്ട് ചോദിക്കുക, എവിടെ വെച്ചാണ് ഞാൻ ആ മൊമന്റോ നൽകിയതെന്ന്, അദ്ദേഹം പറഞ്ഞു. തന്റെ ഓർമയിൽ വരാത്ത ഒരു കാര്യത്തിന് താൻ എന്ത് ചെയ്യാനാണെന്നും കടകംപള്ളി ചോദിച്ചു.
രണ്ടുതവണയല്ല, നാൽപ്പതുതവണ പോയാലും പോയെന്ന് പറയാൻ തനിക്കൊരു മടിയുണ്ടാകേണ്ട കാര്യമില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. കാരണം, താൻ ആർക്കും ഒരു കടലാസും കൊടുത്തിട്ടില്ല. ആരുമായും ഒരു ഇടപാടുമില്ല. മൊമന്റോ കൊടുക്കലൊക്കെ ഒരുവലിയ സംഭവമായി നിങ്ങൾ പറയുകയാണ്. താൻ പതിനായിരം മൊമന്റോ എങ്കിലും നാട്ടിലെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































