ന്യൂഡെൽഹി: പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്സഭയിൽ അനുവദിക്കേണ്ടതില്ലെന്ന് ലോക്സഭാ സെക്രട്ടറിയേറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.
ഈ ഫണ്ടുകളിലെ പണം സർക്കാരുമായി ബന്ധപ്പെട്ടതല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഈ ഫണ്ടുകൾ സമാഹരിക്കുന്നത് പൊതുജനങ്ങളിൽ നിന്നായതിനാൽ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.
ലോക്സഭാ നടത്തിപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട റൂൾ പ്രകാരം ഈ മൂന്ന് ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും അനുവദനീയമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
സർക്കാരിന്റെ പരിഗണനയിൽ ഇല്ലാത്തതോ സർക്കാരിന് പ്രാഥമികമായി ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുമായി ബന്ധപ്പെട്ടതോ ആയ ചോദ്യങ്ങൾ ഉന്നയിക്കരുതെന്നാണ് ഈ ചട്ടങ്ങളിൽ പറയുന്നത്. ഈ ഫണ്ടുകൾ പൊതുജനങ്ങൾ സ്വമേധയാ നൽകുന്ന സംഭാവനകൾ അടിസ്ഥാനമാക്കി രൂപീകരിച്ചവയാണെന്നും ഇവ സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിന്റെ ഭാഗമല്ലെന്നുമാണ് വിശദീകരണം.
ഈ മൂന്ന് ഫണ്ടുകളെ കുറിച്ചുള്ള ചോദ്യങ്ങളോ സീറോ അവർ നോട്ടീസുകളോ വന്നാൽ അവ അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ മുകളിൽ പറഞ്ഞ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക









































