കൊച്ചി: വാടക കുടിശികയെചൊല്ലി കേരള ബ്ളാസ്‌റ്റേഴ്‌സും ജിസിഡിഎയും (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചതോടെ, ഞായറാഴ്‌ച നടക്കേണ്ട ഐഎസ്എൽ മൽസരം നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും.
വാടകയും കുടിശികയും അടയ്‌ക്കാൻ ബ്ളാസ്‌റ്റേഴ്‌സിന് ജിസിഡിഎ സമയം അനുവദിച്ചു. ഒരാഴ്‌ചയ്‌ക്കകം പണം അടയ്‌ക്കാമെന്ന ഉറപ്പിലാണ് സ്‌റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്. വാടക നൽകാത്തതിനെ തുടർന്ന് കലൂർ സ്‌റ്റേഡിയത്തിലെ കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.
സ്‌റ്റേഡിയത്തിനുള്ളിൽ മൽസരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ ബ്ളാസ്‌റ്റേഴ്‌സ് പ്രതിനിധികളെ ജിസിഡിഎ ഉദ്യോഗസ്‌ഥർ പുറത്താക്കുകയും സ്‌റ്റേഡിയത്തിനുള്ളിലെ വസ്‌തുക്കൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ജിസിഡിഎയും കേരള ബ്ളാസ്‌റ്റേഴ്‌സും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രശ്‌നങ്ങളെ തുടർന്ന് നിശ്‌ചയിച്ചിരുന്ന വാർത്താസമ്മേളന വേദി വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്‌ഥർ തയ്യാറാകാതിരുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഇതേത്തുടർന്ന് പ്രീ-മാച്ച് വാർത്താ സമ്മേളനം ഓൺലൈനായാണ് സംഘടിപ്പിച്ചത്. ബ്ളാസ്‌റ്റേഴ്‌സ് സിഇഒ അബിക് ചാറ്റർജിയും ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. നേരത്തെ, വാടക നൽകാൻ കൂടുതൽ സമയം വേണമെന്ന് ബ്ളാസ്‌റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. വിട്ടുനൽകാൻ ജിസിഡിഎ തയായറായതോടെ നാളത്തെ മൽസരത്തെ സംബന്ധിച്ചുള്ള അനിശ്‌ചിതത്വം നീങ്ങി.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































