കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ സൺഷെയ്‌ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്.
കിണാശേരി, അത്തോളി സ്വദേശികളായ അഷ്‌റഫ്, ജബ്ബാർ, ബഷീർ എന്നിവരാണ് മരിച്ച മറ്റു മൂന്നുപേർ. കെട്ടിടത്തിന് പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സൺഷെയ്‌ഡ് തകർന്നുവീണത്. കോൺക്രീറ്റ് സ്ളാബുകൾക്കിടയിൽ കുടുങ്ങിപ്പോയവരെ മറ്റു തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
പരിക്കേറ്റ പയ്യോളി സ്വദേശി കോയ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിൽസയിലാണ്. കോർപറേഷന്റെ ഉടമസ്‌ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്‌ഡാണ് തകർന്നുവീണത്. പൊളിച്ചുമാറ്റാനിരുന്ന കെട്ടിടമാണിത്. കെട്ടിടം ഒഴിയാൻ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു എന്നാണ് വിവരം. പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.
കെട്ടിടം ഒഴിയാനുള്ള നിർദ്ദേശം ചില വ്യാപാരികൾ അവഗണിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, കെട്ടിടം ഒഴിപ്പിക്കാൻ കോർപറേഷൻ നടപടി എടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നിരവധി വ്യാപാര സ്‌ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികൾ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിന് പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അപകടത്തിന് പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും ഇതര ജില്ലകളിലേക്കുമുള്ള ചരക്ക് നീക്കം തടസപ്പെട്ടു. കോഴിക്കോട് കോർപറേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം





































