കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിനിയായ സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊച്ചി സ്വദേശിയായ ഷാജിയെന്ന ആളാണ് പിടിയിലായത്. പ്രതിയെ മരട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഷാജിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇരുവരും തമ്മിൽ നേരത്തെ പരിചയം ഉണ്ടായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിക്കൊപ്പം യുവതി നടന്നുപോകുന്ന ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. തിങ്കളാഴ്ച രാത്രി ഇരുവരും കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
ട്രാക്കിന് സമീപത്ത് നിന്ന് പിന്നീട് ഷാജി ഒറ്റയ്ക്ക് തിരികെ പോകുന്ന ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉപയോഗശൂന്യമായ പാളം എന്നറിയാതെ കൊലപാതകി, മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തി തീർക്കാനുള്ള ശ്രമം പൊളിഞ്ഞത്.
ഇന്ന് പുലർച്ചെയാണ് വൈറ്റില ഫ്ളൈ ഓവറിന് താഴെ റെയിൽപാലത്തിന് സമീപത്തായി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ അമൃത എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിന് സമീപത്തായി ഒരു സ്ത്രീ കിടക്കുന്നത് കണ്ടത്. ഉടൻ വിവരം റെയിൽവേ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനഅയ്ലാൻ യുവതി മരിച്ചതായി കണ്ടെത്തിയത്.
ഷാജിയും സുധയും ഏറെക്കാലമായി സൗഹൃദത്തിലാണെന്നും യുവതിയുടെ വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു എന്നുമാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ, ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ മുഖത്ത് മാത്രമാണ് കാര്യമായ പരിക്കുള്ളത്. മൃതദേഹം റെയിൽവേ പാളത്തിന് സമീപം ഉപേക്ഷിച്ച് സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം



































