കൊച്ചി: തൃശൂരിലെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഹരജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളുകയായിരുന്നു.
തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡണ്ട് ആണ് ഹരജിക്കാരൻ.
സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
എന്നാൽ, ഈ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് കോടതി വിചാരണയുമായി മുന്നോട്ട് പോകാൻ ഉത്തരവിട്ടത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































