മലപ്പുറം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി മുസ്‌ലിം ലീഗ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന പരസ്യ ചർച്ചകൾ ശരിയല്ല. കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ മുന്നണിയെ പരിഹാസ്യരാക്കുമെന്നും മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ. സലാം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ നടപടി ക്രമങ്ങളുണ്ട്. വോട്ടെണ്ണി ഭൂരിപക്ഷം കിട്ടിയ ശേഷമേ അത്തരം ചർച്ചകൾ നടത്താവൂ. അല്ലാതെ ഇപ്പോൾ നടക്കുന്ന പരസ്യ ചർച്ചകൾ, കൊടുംചൂടിൽ യുഡിഎഫിന്റെ വിജയത്തിനായി കഷ്‌ടപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്‌മരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇത് വോട്ടർമാർക്കിടയിലും പ്രവർത്തകർക്കിടയിലും നൈരാശ്യം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകൾ പാർട്ടിക്കുള്ളിൽ നടത്തുന്നതിൽ കുഴപ്പമില്ല. എന്നാൽ, അത് പൊതുസമൂഹത്തിലേക്ക് ഇട്ടത് ഉചിതമായില്ല. കെസി. വേണുഗോപാലിനെ പിന്തുണച്ചു കെ. സുധാകർ പരസ്യമായി രംഗത്തുവന്നതും വിഡി. സതീശനായി സോയിൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളുമെല്ലാം ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്.
വരാനിരിക്കുന്ന യുഡിഎഫ് ഭരണത്തിൽ അഞ്ച് മന്ത്രി സ്‌ഥാനങ്ങളിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്നാണ് ലീഗിന്റെ പൊതുവായ വികാരം. ലീഗിന് കൂടുതൽ മന്ത്രി സ്‌ഥാനങ്ങൾക്ക് അർഹതയുണ്ടെന്ന് പറഞ്ഞ സലാം, എന്നാൽ, നിലവിൽ അത്തരം ഡിമാൻഡുകൾ മുന്നോട്ടുവെച്ചു മുന്നണിയിൽ സമ്മർദ്ദം ചെലുത്തില്ലെന്നും അറിയിച്ചു.
മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏകകണ്ഠമായ ഏത് തീരുമാനത്തെയും ലീഗ് പിന്തുണയ്‌ക്കുമെന്നും മുന്നണി മര്യാദകൾ പാലിച്ചു മാത്രമേ മുന്നോട്ട് പോകൂ എന്നും പിഎംഎ സലാം അറിയിച്ചു. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ലീഗ് പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































