
വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് നാല് കുട്ടികൾ. നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെജി. ജോയുടെ മക്കളായ നെവിൻ ജോ അഗസ്‌റ്റിൻ, ഏബൻ ജോ അഗസ്‌റ്റിൻ, സഹോദരിയുടെ മക്കളായ ആരാധിയ മിജേഷ്, കാശി സുരേഷ് എന്നിവരാണ് ഇപ്പോൾ നാട്ടിലെ താരങ്ങളായിരിക്കുന്നത്.
കോട്ടയം ജില്ലയിലെ നാട്ടകത്താണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് സാധനം വാങ്ങാൻ ഇവർ നാലുപേരും കടയിലേക്ക് പോകുന്ന വഴിയാണ് ഏകദേശം 8500 രൂപയടങ്ങിയ പഴ്‌സ് ഇവർക്ക് റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയത്. ഉടനെ അവരത് വീട്ടുകാരെ ഏൽപ്പിച്ചു.
വീട്ടുകാരുടെ സാന്നിധ്യത്തിലാണ് കുട്ടികൾ പഴ്‌സ് തുറന്ന് പരിശോധിച്ചത്. എന്നാൽ, ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന രേഖകളൊന്നും അതിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാരെയും കൂട്ടി നാൽവർ സംഘം ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെത്തി, കാര്യങ്ങൾ പറഞ്ഞു.
കോട്ടയം പാക്കിൽ സ്വദേശിയായ ഷികിൽ ഷിജുവിന്റേതായിരുന്നു പഴ്‌സ്. പണം അടങ്ങിയ പഴ്‌സ് നഷ്‌ടപ്പെട്ടതായി കാട്ടി ഷികിൽ കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. ഇതോടെയാണ് പോലീസ് ഷികിലിനെ ഫോണിൽ ബന്ധപ്പെട്ടത്. പോലീസ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ കുട്ടികളാണ് ഷികിലിന് പഴ്‌സ് കൈമാറിയത്. കുട്ടികളോട് നന്ദി പറഞ്ഞാണ് ഷികിൽ മടങ്ങിയത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































