ദുബായ്: പാസ്പോർട്ട്, കോൺസുലർ സേവനങ്ങളിൽ വലിയ മാറ്റവുമായി യുഎഇ. ഇനി കുറഞ്ഞ നിരക്കിൽ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാം. യുഎഇയിലെ ഇന്ത്യൻ മിഷനുകളുടെ കോൺസുലർ ഔട്ട്സോഴ്സിങ് കരാർ, മലയാളി ഉടമസ്ഥതയിലുള്ള ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്’ ലഭിച്ചതോടെയാണ് സേവന നിരക്കുകളിൽ കുറവ് വരുന്നത്.
നിലവിൽ ബിഎൽഎസ് ഇന്റർനാഷണൽ കൈകാര്യം ചെയ്യുന്ന ഈ സേവനങ്ങൾ ജൂലൈ ഒന്നുമുതൽ അൽഹിന്ദ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസ്പോർട്ട് പുതുക്കൽ, വിസ പ്രോസസിങ്, ഒസിഐ കാർഡുകൾ, പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ളോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, വിവിധതരം അറ്റസ്റ്റേഷൻ തുടങ്ങി എല്ലാ കോൺസുലർ സേവനങ്ങളും അൽഹിന്ദ് വഴി ലഭ്യമാകും.
നിലവിലെ നിരക്കുകളിൽ നിന്ന് വ്യത്യസ്തമായി വളരെ കുറഞ്ഞ സേവന നിരക്കാണ് അൽഹിന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. എംബസി നിശ്ചയിച്ചുള്ള നിർബന്ധിത ഫീസിന് പുറമെ 19 ദിർഹം മാത്രമായിരിക്കും അൽഹിന്ദിന്റെ സേവന നിരക്ക്. ഇതിൽ ഫോട്ടോ എടുക്കുന്നതിനും ഫോട്ടോകോപ്പി എടുക്കുന്നതിനുമുള്ള തുക ഉൾപ്പെടും.
നിലവിൽ വിവിധ സേവനങ്ങൾക്കായി വെവ്വേറെ നൽകേണ്ടിവരുന്ന തുക ഇതോടെ ഒഴിവാകും. അബുദാബി, ദുബായ്, കൽബ, ഖോർഫക്കാൻ, ഫുജൈറ തുടങ്ങി യുഎഇയുടെ വിവിധ ഭാഗങ്ങളിലായി 16 കേന്ദ്രങ്ങളാണ് അൽഹിന്ദ് സജ്ജീകരിക്കുന്നത്. ജൂലൈ ഒന്നോടെ ഈ കേന്ദ്രങ്ങൾ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക വെബ്സൈറ്റും ഉടൻ നിലവിൽ വരും.
Most Read| കരസേനാ മേധാവിയായി വനിത; ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യം






































