തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. രാവിലെ 11 മണിക്ക് ശേഷം പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. ഇടയ്ക്കിടയ്ക്ക് ശുദ്ധമായ വെള്ളം കുടിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
പാലക്കാട് ഇന്ന് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരുമെന്നാണ് അറിയിപ്പ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനിടയുണ്ട്.
ഇത് സാധാരണയെക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ വർധിച്ച താപനിലയാണ്. ഉയർന്ന അൾട്രാവയലറ്റ് (യുവി) വികിരണ തോത് മൂലമുള്ള ഓറഞ്ച് അലർട് അഞ്ച് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചു. മൂന്നാർ, കോന്നി (രണ്ടിടത്തും 9), കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി (മൂന്നിടത്തും 8). യുവി നിരക്ക് 11 കടന്നാൽ ഏറ്റവും അപകടകരമായി കണക്കാക്കും.
അതേസമയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനാലാണ് അവധി പ്രഖ്യാപിച്ചത്. സ്ഥാപനങ്ങൾക്ക് അത്യാവശ്യമാണെങ്കിൽ ഓൺലൈൻ ആയി ക്ളാസുകൾ നടത്താവുന്നതാണ്.
സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ വനിതാ ശിശുവികസന വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റു പ്രവർത്തനങ്ങൾ പതിവുപോലെ നടക്കും.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































