തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ കാണാതായ നാലുപേരെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നു. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിടുണ്ട്. ഇതിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വരുന്നതോടെ കാണാതായവരെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.
അതേസമയം, അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് നടത്തിപ്പുകാരനായ സതീശന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സതീശൻ ഉൾപ്പടെ നാലുപേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. പരിക്കേറ്റ മറ്റു ആറുപേർ ഇന്ന് ആശുപത്രി വിട്ടേക്കും.
ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുകയാണ്. ഇന്ന് വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി. ഒരു തലയുടെ ഭാഗവും കൈയുടെ ഭാഗങ്ങളുമാണ് ലഭിച്ചത്. ഒരുകിലോമീറ്റർ അകലെനിന്നാണ് കൈയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ തെരുവുനായ്ക്കൾ കൊണ്ടിട്ടതാകാമെന്നാണ് സംശയിക്കുന്നത്. മുണ്ടത്തിക്കോട്ടെ പാട ശേഖരങ്ങളിൽ രണ്ടിടത്തുനിന്ന് കൂടി ചെറിയ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കെഡാവർ നായകളുടെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. പത്തുപേർ അടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സമീപത്തെ വീടുകളുടെ പരിസരങ്ങളും പരിശോധിക്കും. നാട്ടുകാരുടെ സഹായത്തോടെയാണ് പരിശോധന. നിലവിൽ 29 ശരീരഭാഗങ്ങളിൽ നിന്നും തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ നിന്നുമാണ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുള്ളത്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി






































