ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, യുഎസിന് ശക്തമായ മന്നറിയിപ്പുമായി ഇറാൻ. എണ്ണ ഉൽപ്പാദന സൗകര്യങ്ങൾ തകർത്താൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ വൈസ് പ്രസിഡണ്ട് ഇസ്മായിൽ സഗാബ് എസ്ഫഹാനിയുടെ മുന്നറിയിപ്പ്.
”എണ്ണക്കിണറുകൾ ഉൾപ്പടെയുള്ള ഞങ്ങളുടെ പാശ്ചാത്തല സൗകര്യങ്ങളിൽ ഏതെങ്കിലും ഒന്നിന് യുഎസ് ഉപരോധം മൂലം നാശനഷ്ടം സംഭവിച്ചാൽ അതിന് കൂട്ടുനിൽക്കുന്ന രാജ്യങ്ങളിലെ സമാനമായ സൗകര്യങ്ങളിൽ നാലിരട്ടി നാശനഷ്ടങ്ങൾ വരുത്തും”- സഗാബ് എക്സിൽ കുറിച്ചു.
ഇറാന്റെ കണക്കുകൾ വ്യത്യസ്തമാണ്. ഒരു എണ്ണക്കിണറിന് പകരം നാല് എണ്ണക്കിണറുകൾ എന്നതാണ് ഞങ്ങളുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുകയാണ്. 38 കപ്പലുകളെ അമേരിക്കൻ സേന തിരിച്ചയച്ചു.
രണ്ടാംഘട്ട ചർച്ച അനിശ്ചിതത്വത്തിൽ
അമേരിക്കൻ പ്രതിനിധികൾ നടത്താനിരുന്ന പാക്കിസ്ഥാൻ സന്ദർശനം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതോടെ രണ്ടാംഘട്ട ചർച്ചകൾ പ്രതിസന്ധിയിലായി. പാക്കിസ്ഥാനിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം ഇറാൻ വിദേശകാര്യ അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക് തിരിച്ചിരുന്നു. ഒമാൻ സന്ദർശനത്തിന് പിന്നാലെ പാക്കിസ്ഥാനിൽ എത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
ആണവ പദ്ധതിക്ക് പുറമെ ഹോർമുസ് കടലിടുക്കിലെ പുതിയ നിയമപരമായ ചട്ടക്കൂട്, യുദ്ധനഷ്ടപരിഹാരം, സൈനിക നടപടികളിൽ നിന്നുള്ള സംരക്ഷണം, അമേരിക്കയുടെ സമുദ്ര നിയന്ത്രണങ്ങൾ നീക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇറാൻ വിദേശകാര്യ മന്ത്രി ഊന്നൽ നൽകിയതായാണ് റിപ്പോർട്ടുകൾ.
ഇറാൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായെങ്കിലും അത് മതിയാകില്ലെന്നാണ് ട്രംപിന്റെ നിലപാട്. നേരത്തെ, പാക്കിസ്ഥാനിൽ അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെഡി. വാൻസും ഇറാൻ പ്രതിനിധികളും തമ്മിൽ നടന്ന ആദ്യഘട്ട ചർച്ചകളും ഫലം കാണാതെ പിരിഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം യുഎസ് അവസാനിപ്പിച്ചാലേ ചർച്ചയിൽ പങ്കെടുക്കൂവെന്നാണ് നേരത്തെ ഇറാൻ പ്രഖ്യാപിച്ചിരുന്നത്.
Most Read| ഉരുൾപൊട്ടൽ പുനരധിവാസം; മുസ്ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം


































