തിരുവനന്തപുരം: സംസ്‌ഥാനത്ത് വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനുള്ള സുരക്ഷാ ക്രമീകരങ്ങൾ സജ്‌ജമായി കഴിഞ്ഞതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് 79.70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കും. ആകെ 58,984 സർവീസ് വോട്ടുകളാണുള്ളത്. ഒന്നാം തീയതിവരെ 20,028 സർവീസ് വോട്ടുകൾ ലഭിച്ചുവെന്നും തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്‌തമാക്കി. തിരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെണ്ണലിന്റെ തലേദിവസം കണക്കുകൾ പുറത്തുവിട്ടത്.
അതേസമയം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മേയ് ആറുവരെ ബാധകമാണെന്നും തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ എട്ടുമണിക്ക് പോസ്‌റ്റൽ വോട്ടുകളും 8.30ന് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.
ആകെ 15,465 ഉദ്യോഗസ്‌ഥരെയാണ് വോട്ടെണ്ണൽ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. ഉദ്യോഗസ്‌ഥർക്ക് ക്യൂ ആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. സിആർപിഎഫ് ഉദ്യോഗസ്‌ഥർക്കാണ് ചുമതല. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ വിജയാഘോഷം ജില്ലാ ഭരണകൂടങ്ങൾക്ക് വിലക്കാം.
തെറ്റായ തിരഞ്ഞെടുപ്പ് ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകുമെന്നും തിരക്ക് കൂട്ടരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്‌തമാക്കി. സ്ട്രോങ്ങ് റൂം തുറക്കുന്നത് ചിത്രീകരിക്കാൻ മാദ്ധ്യമങ്ങൾക്ക് അനുമതി ഇല്ല. അന്തിമ ഫലം പ്രഖ്യാപിക്കാൻ വൈകീട്ട് അഞ്ചുമണിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ നിരോധനാജ്‌ഞയിൽ ഇളവ്
ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞയിൽ ഇളവ്. നിരോധനാജ്‌ഞ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 200 മീറ്റർ പരിധിയിൽ മാത്രമാണെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ജില്ലയിൽ മൊത്തം നിരോധനാജ്‌ഞ നടപ്പാക്കുമെന്നായിരുന്നു ഇന്നലെ കലക്‌ടർ പ്രഖ്യാപിച്ചിരുന്നത്.
അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്‌ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്‌ടർ സ്‌നേഹിൽ കുമാർ കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ പടക്ക വില്പനക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിലെ വിജയാഘോഷങ്ങൾക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങൾ അതിരുവിട്ടാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്






































