തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. മുന്നണികളെല്ലാം ശുഭ പ്രതീക്ഷയിലാണ്. എട്ടുമണിയോടെ തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഒബ്സർവരുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിങ്ങോട് കൂടിയാണ് സ്ട്രോങ്ങ് റൂമുകൾ തുറന്നത്.
സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. ശേഷം ഇവിഎം വോട്ടുകൾ എണ്ണും. ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ അറിയാം. ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. എട്ടുമുതൽ തപാൽ വോട്ടുകളും 8.30 മുതൽ ഇവിഎമ്മിലെ വോട്ടുകളും എണ്ണും.
വൈകീട്ട് അഞ്ചുമണിയോടെ മുഴുവൻ ഫലവും പുറത്തുവരും. ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ വ്യക്തമാക്കിയിരുന്നു.
53,984 സർവീസ് വോട്ടർമാരിൽ ഇതുവരെ 20,028 പേരുടെ വോട്ട് രേഖപ്പെടുത്തിയ തപാൽ ബാലറ്റുകൾ ലഭിച്ചതായി സിഇഒ അറിയിച്ചു. മേയ് ഒന്നുവരെയുള്ള കണക്കാണിത്. ഇന്ന് രാവിലെ എട്ടിന് മുൻപ് വരെ ലഭിക്കുന്ന തപാൽ ബാലറ്റുള് വോട്ടെണ്ണലിന് പരിഗണിക്കും. അതേസമയം, വോട്ടെണ്ണൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. മദ്യവിൽപ്പന ശാലകളും ബാറുകളും തുറക്കില്ല.
പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ, നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മൂന്നാംതവണയും അധികാരത്തിലെത്തുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
എന്നാൽ, ഭരണമാറ്റം ഉറപ്പാണെന്നും 85 മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കളും പറയുന്നു. തരംഗമുണ്ടായാൽ 90 കടക്കുമെന്നും യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയമാണ് യുഡിഎഫിന്റെ മുതൽക്കൂട്ട്. അതേസമയം, ഇത്തവണ ഒന്നിലധികം സീറ്റുകൾ നേടി സാന്നിധ്യം ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി ഫലവും ഇന്ന്
കേരളത്തിന് പുറമെ തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഫലം ഇന്ന് അറിയാം. തമിഴ്നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24നെ നടക്കൂ. ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന പരാതികളെ തുടർന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| യുഎസുമായി വമ്പൻ ആയുധ കരാർ; വ്യോമാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് നെതന്യാഹു





































