തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉയരുന്നു. പടനായകൻ വിഡി. സതീശന്റെ പേരാണ് ഉയർന്നു കേൾക്കുന്നതെങ്കിലും, ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് വിഡി സതീശൻ പറയുന്നത്.
അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഹൈക്കമാൻഡ് നടപടികൾ തുടങ്ങി. മുതിർന്ന നേതാക്കളായ നിരീക്ഷകർ ഉടൻ സംസ്ഥാനത്തെത്തി എംഎൽഎമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും പിന്നോട്ടില്ല.
ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കിയത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സാഹചര്യത്തിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
ഒരു പതിറ്റാണ്ടിന് ശേഷമാണ് കേരളത്തിന്റെ ഭരണം യുഡിഎഫിന്റെ കൈകളിലേക്ക് എത്തുന്നത്. ആകെ 140 മണ്ഡലങ്ങളിൽ 102 സീറ്റുകളിലും ജയിച്ച് യുഡിഎഫ് ചരിത്രവിജയത്തിലെത്തി. കോൺഗ്രസ് തനിച്ച് 63 സീറ്റിൽ ജയിച്ചപ്പോൾ മുസ്ലിം ലീഗ് 22 സീറ്റുകളിലും കേരള കോൺഗ്രസ് ഏഴ് സീറ്റുകളിലും ആർഎസ്പി മൂന്ന് സീറ്റുകളിലും വിജയിച്ചു.
സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സിപിഐക്ക് നേടാനായത് എട്ട് സീറ്റ് മാത്രം. ആർജെഡി ഒരു സീറ്റ് നേടിയപ്പോൾ കേരള കോൺഗ്രസ് (എം) സംപൂജ്യരായി. നേമം തിരിച്ചുപിടിച്ച ബിജെപി ചരിത്രത്തിൽ ആദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബിബി. ഗോപകുമാറും കഴക്കൂട്ടത്ത് വി. മുരളീധരനും വിജയിച്ചു.
100 സീറ്റിലധികം നേടി വിജയിക്കുമെന്നുള്ള സതീശന്റെ വാക്കുകൾ യുഡിഎഫ് പ്രവർത്തകരുടെ മനസിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. തോറ്റാൽ വനവാസത്തിന് പോകുമെന്ന് ദൃഢനിശ്ചയത്തോടെ തിരഞ്ഞെടുപ്പ് നേരിട്ട് സ്വപ്നതുല്യമായ ഒരു തിരിച്ചുവരവ് നടത്തി സതീശൻ തല ഉയർത്തി നിൽക്കുകയാണ്.
ഒരിടയ്ക്ക് തളർന്നുപോയ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധം നൽകാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. തളരാത്ത പോരാട്ടവീര്യനും, ഉറച്ച നിലപാടും, വിജയത്തിലുറച്ച ആത്മവിശ്വാസവും കൃത്യമായ ആസൂത്രണവുമാണ് അദ്ദേഹത്തെ കരുത്തുറ്റ ജനനായകനാക്കിയത്.
Most Read| മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു; നാളത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു

































