തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും. പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം നാളെ രാവിലെ പത്തുമണിക്ക് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിക്കും.
കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ട് കേരള പോലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ളൗ പദ്ധതിയുടെ ഭാഗമായി നാളെ എല്ലാ പ്രവേശനോൽസവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.
പാഠപുസ്തക വിതരണം ഇന്ന് പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്നലെ വൈകീട്ട് വരെ 95% പുസ്തക വിതരണം നടന്നിരുന്നു. അതേസമയം, പല കേന്ദ്ര സിലബസ് സ്കൂളുകളിലും അധ്യയനം നാളെ ആരംഭിക്കില്ല. ഈ ആഴ്ചയിലെ തന്നെ മറ്റു ദിവസങ്ങളിലാണ് ഈ സ്കൂളുകളിൽ അധ്യയനം ആരംഭിക്കുക.
പഠനസമയം ഉറപ്പാക്കാൻ വിദ്യാഭ്യാസ കലണ്ടറും തയ്യാറായി. എൽപി സ്കൂളുകളിൽ 800 മണിക്കൂറാണ് അധ്യയനം. ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനമാക്കില്ല. ഇത്തവണ 197 പ്രവൃത്തി ദിനങ്ങൾ ഉണ്ടാകും. യുപിയിൽ 1000 മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി നിശ്ചയിച്ചു. ഹൈസ്കൂളിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ ഏഴ് ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും.
Most Read| മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ വകുപ്പ്




































