തിരുവനന്തപുരം: കൂട്ടസ്‌ഥലംമാറ്റം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എന്നാൽ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഭരണമാറ്റത്തിന് പിന്നാലെ ചട്ടങ്ങൾ ലംഘിച്ച് സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥലം മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി വി. ജോയി നൽകിയ അടിയന്തര പ്രമേയത്തിനാണ് സ്‌പീക്കർ അനുമതി നിഷേധിച്ചത്.
ഭരണസൗകര്യത്തിന് വേണ്ടിയുള്ള സ്വാഭാവിക സ്‌ഥലം മാറ്റങ്ങളാണ് നടക്കുന്നതെന്നും പരാതികൾ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് നൽകിയ മറുപടിയുടെ അടിസ്‌ഥാനത്തിലാണ് അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അനുമതി നിഷേധിച്ചത്.
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രതികാര ബുദ്ധിയോടെയാണ് സ്‌ഥലം മാറ്റങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അന്യായമായ സ്‌ഥലം മാറ്റങ്ങൾ റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ചുരുങ്ങിയ കാലയളവിൽ രണ്ടായിരത്തോളം ജീവനക്കാരെ സ്‌ഥലം മാറ്റി. കുടുംബശ്രീയിൽ നോട്ടീസ് നൽകാതെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്‌ഥാപിത താൽപര്യക്കാരെ സംരക്ഷിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.
ട്രോളുകൾ പങ്കുവെച്ചതിന്റെ പേരിൽ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുന്ന സർക്കാരിന്റെ നടപടി കടുത്ത അസഹിഷ്‌ണുതയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ കാലത്ത് തലങ്ങും വിലങ്ങും സ്‌ഥലംമാറ്റം നടന്നുവെന്നും കഴിഞ്ഞ സർക്കാരിനെ ഒരു കാരണവശാലും യുഡിഎഫ് മാതൃകയാക്കില്ലെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































