തിരുവനന്തപുരം: ഇത് അഭിമാന നിമിഷമെന്ന് പ്രിയദർശിനി പദ്ധതി ഉൽഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി വിഡി. സതീശൻ പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരുമാസം തികയുന്നതിന് മുന്നേ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്. പദ്ധതി സ്‌ത്രീകൾക്കുള്ള ഔദാര്യമല്ലെന്നും ആദരവാണെന്നും വിഡി. സതീശൻ പറഞ്ഞു.
തമ്പാനൂർ ടെർമിനലിൽ നടന്ന ഉൽഘാടന ചടങ്ങിൽ ഗതാഗത മന്ത്രി സിപി. ജോൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രണ്ടുപേർക്ക് മുഖ്യമന്ത്രി തന്നെയാണ് സൗജന്യ യാത്രയുടെ ആദ്യ ടിക്കറ്റുകൾ കൈമാറിയത്. തുടർന്ന് തമ്പാനൂരിൽ നിന്നുള്ള ആദ്യ യാത്രയിൽ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പങ്കെടുത്തു.
കെഎസ്ആർടിസിയിൽ പിഎസ്‌സി വഴി നിയമനം ലഭിച്ച ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ വിപി. ഷീലയാണ് ആദ്യ യാത്രയിൽ സാരഥിയായത്. ജയകുമാരി ആയിരുന്നു കണ്ടക്‌ടർ.
പദ്ധതിയുടെ ഒന്നാംഘട്ടമാണ് ഉൽഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇത് സ്‌ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കും. അഭിമാനത്തോട് സ്‌ത്രീകൾക്ക് സർക്കാരിന്റെ ഒരു വാഹനത്തിൽ സഞ്ചരിക്കാം.
പലതട്ടിലുള്ള സാധാരണക്കാരായ സ്‌ത്രീകൾക്ക് തുക മാറ്റിവയ്‌ക്കാൻ കഴിയും. ആ തുക എന്ത് ചെയ്യണം എന്ന് വരെ സ്‌ത്രീകൾ തീരുമാനിച്ചു വച്ചിട്ടുണ്ട്. തന്നോട് സ്‌ത്രീകൾ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 800 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് പ്രതിവർഷം കൊടുക്കും. ഗതാഗത മന്ത്രിയെ നല്ല വിശ്വാസമുണ്ട്. കുറച്ചുനാൾ കഴിയുമ്പോൾ ഗതാഗത മന്ത്രി ഇങ്ങോട്ട് പറയും പൈസ ഇനി വേണ്ട എന്ന്.
സ്വകാര്യ ബസ് ഉടമകൾക്ക് ഉത്കണ്ടയുണ്ട്. നിങ്ങൾ സ്വകാര്യമല്ല. ഞങ്ങൾ പൊതുഗതാഗതത്തിന്റെ ഭാഗമാണ്. സർക്കാരിന്റെ ഗതാഗത നയത്തിൽ സ്വകാര്യ ബസുകളും പങ്കാളികളാണ്. ഒരു സെക്‌ടറും തകരാൻ പാടില്ല. പദ്ധതി നടപ്പാക്കുമ്പോൾ മെൻസ് അസോസിയേഷൻ ഭയങ്കര പ്രതിഷേധത്തിലാണ്. ഞാൻ പുരുഷ വിരോധി ഒന്നുമല്ല. സർക്കാരിന്റെ ഈ പദ്ധതി കേരളത്തിലെ സ്‌ത്രീകളോടുള്ള ആദരവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് മുതൽ 3125 ഓർഡിനറി ബസുകളിലാണ് സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളും ഒന്നുംതന്നെ ഇല്ലാതെയുമാണ് സ്‌ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്‌റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലെ വാഹനങ്ങളിലാണ് സൗജന്യ യാത്ര.
സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിലൂടെ പുറത്ത് പ്രിയദർശിനി സ്‌റ്റിക്കർ പതിച്ചിട്ടുണ്ട്. സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്. അതേസമയം, ഉൽഘാടന ചടങ്ങ് സിപിഎം ബഹിഷ്‌കരിച്ചു. സൗജന്യ യാത്ര സംബന്ധിച്ച് യുഡിഎഫ് പറഞ്ഞതല്ല നടപ്പാക്കുന്നതെന്നും ആളെ പറ്റിക്കുന്ന നിലപാടാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ വിമർശിച്ചു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































