തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. യോഗവിവരം മാദ്ധ്യമ വാർത്തകളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം, ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.
ഇത്തരം ഒരു യോഗം ചേർന്നതിലുള്ള സർക്കാരിന്റെ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്തും നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളിലോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സിക്യൂട്ടീവ് ചുമതലകളിൽ പെട്ടതാണ്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടു.
യോഗാദിനാഘോഷത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ചൊവ്വാഴ്ച വിവിധ വകുപ്പുകളുടെ യോഗം നേരിട്ട് വിളിച്ചു ചേർത്തിരുന്നു. ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യമിഷൻ സംസ്ഥാന മേധാവിയും സർവകലാശാല വൈസ് ചാൻസലർമാരുമൊക്കെ യോഗത്തിൽ പങ്കെടുത്തിരുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































