സ്‌മാർട്ട് ഉപകരണങ്ങളും ഡിജിറ്റൽ ഫിറ്റ്നസ് ട്രാക്കിംഗും അത്യാധുനിക എയർ കണ്ടീഷനിംഗ് സംവിധാനങ്ങളും ഉൾപ്പെടുന്ന ആധുനിക ജിമ്മുകളും ഹെൽത്ത് ക്‌ളബ്ബുകളും കൊണ്ട് കേരളം ഇപ്പോൾ സമ്പന്നമാണ്. കേരളത്തിലെ ഏതൊരു കോണിലും ഇത്തരം ജിമ്മുകൾ നമുക്ക് കണ്ടെത്താം. ഇവിടങ്ങളിൽ, അംഗങ്ങൾക്ക് അവർ എത്ര കലോറി കത്തിച്ചു, ഹൃദയമിടിപ്പ് എത്രയായിരുന്നു, വ്യായാമത്തിന്റെ തീവ്രത എത്രയായിരുന്നു എന്നൊക്കെ കൃത്യമായി അറിയാം.
എന്നാൽ വ്യായാമത്തിനിടെ ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം അറിയാൻ ഒരു പോംവഴിയുമില്ല! അധികൃതർ ഉൾപ്പടെ ആരും ഇത് ശ്രദ്ധിക്കുന്നുമില്ല!? ജിം പരിശീലനത്തിനിടെ അനേകം പേർ കുഴഞ്ഞുവീണ് മരിച്ചിട്ടും അതിന്റെ ശാസ്‌ത്രീയ കാരണങ്ങളിലേക്ക് അന്വേഷണം നടത്താനോ പരിഹാരങ്ങൾ തേടാനോ അധികാരികളും ശ്രമിച്ചിട്ടില്ല!
ജിമ്മിലെ മോശം വായുഗുണനിലവാരം ഹൃദയസംബന്ധമായ അപകടസാധ്യത വർധിപ്പിക്കാൻ ഇടയാക്കും എന്നത് എത്രപേർക്കറിയാം? ശ്വാസോച്‌ഛ്വാസം പലമടങ്ങ് വർധിക്കുന്ന വ്യായാമ സമയത്ത് ഉള്ളിലേക്കെടുക്കുന്ന വായുഗുണനിലവാരം മോശമാണെങ്കിൽ, അത് ദീർഘകാലം തുടരുകയും ചെയ്‌താൽ ഹൃദയാരോഗ്യം, ശ്വാസകോശാരോഗ്യം, ജോയിന്റ് പെയിൻ ഉൾപ്പടെയുള്ളവയ്‌ക്ക് കാരണമാകാമെന്ന് വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു.
അതായത്, സാധാരണ അവസ്‌ഥയേക്കാൾ വ്യായാമ സമയത്ത് ശരീരത്തിന് കൂടുതൽ ഓക്‌സിജൻ ആവശ്യമാണ്. സ്വാഭാവികമായും ശ്വാസമെടുക്കുന്ന വേഗവും ആഴവും വർധിക്കുന്നു. ഈ സമയം, ജിമ്മിലെ വായുവിൽ പൊടി, അലർജൻ, സൂക്ഷ്‌മകണങ്ങൾ, പൂപ്പൽ സ്‌പോറുകൾ ഉണ്ടെങ്കിൽ അവ കൂടുതൽ അളവിൽ ശരീരത്തിലേക്ക് പ്രവേശിക്കും. ഇതിനൊപ്പം കെട്ടിയടച്ച ജിമ്മിലേക്ക് മതിയായ ശുദ്ധവായു പ്രവേശിക്കാനുള്ള സൗകര്യം കുറവാണ് എങ്കിൽ അപകടസാധ്യത കൂടും.

തണുത്തവായു ശുദ്ധവായു അല്ല
പലർക്കുമുള്ള ഒരു വലിയ തെറ്റിദ്ധാരണയാണ് എയർ കണ്ടീഷൻഡ് (എസി) മുറി എന്നത് ആരോഗ്യകരമായ അന്തരീക്ഷമാണെന്നത്. എയർ കണ്ടീഷണറിന്റെ പ്രധാന ജോലി മുറി തണുപ്പിക്കലാണ്. അത് സ്വയം ശുദ്ധവായു പുറത്ത് നിന്ന് അകത്തേയ്‌ക്ക് എത്തിക്കുന്നില്ല. പുറത്തുനിന്നുള്ള ശുദ്ധവായു ആവശ്യത്തിന് അകത്തേക്ക് എത്തുന്നില്ലെങ്കിലും മുറി നല്ല തണുപ്പോടെ നിലനിർത്താൻ എസിക്ക് കഴിയും.
അതിനാൽ ജിം തണുപ്പുള്ളതാണെന്ന കാരണത്താൽ മാത്രം അവിടുത്തെ വായു ആരോഗ്യകരമാണെന്നോ ജിമ്മിനകത്തെ അന്തരീക്ഷം ഗുണനിലവാരം ഉള്ളതാണെന്നോ ഉറപ്പിക്കാനാവില്ല.
ജിമ്മുകളുടെ പ്രത്യേക വെല്ലുവിളി
ഓഫീസ്, ഷോപ്പിംഗ് മാൾ, തിയേറ്റർ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ജിമ്മുകളിൽ വായു ഗുണനിലവാരത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധനപ്പെട്ട പ്രശ്‌നങ്ങളാണ്, ജിമ്മിൽ ആളുകൾ കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് (CO₂) പുറന്തള്ളുന്നു, ശരീരചലനങ്ങളിലൂടെ പൊടികണങ്ങൾ വായുവിലേക്ക് ഉയർത്തുന്നു, ഒപ്പം, വിവിധ ശരീരങ്ങളിൽ നിന്നുൽഭവിക്കുന്ന ഗന്ധങ്ങളും ബാക്‌ടീരിയകളും. ഇതെല്ലാം വായു ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്.
അതെ, ജിമ്മിൽ ആളുകൾ;
* കൂടുതൽ വേഗത്തിൽ ശ്വസിക്കുന്നു
* കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് (CO₂) പുറന്തള്ളുന്നു
* കൂടുതൽ ചൂടും ഈർപ്പവും സൃഷ്‌ടിക്കുന്നു
* ശരീരചലനങ്ങളിലൂടെ പൊടികണങ്ങൾ വായുവിലേക്ക് ഉയർത്തുന്നു
* തിരക്കേറിയ സമയങ്ങളിൽ വായുവിലെ സൂക്ഷ്‌മകണങ്ങളുടെ സാന്ദ്രത വർധിപ്പിക്കുന്നു
ഇന്നത്തെ മിക്ക ജിമ്മുകളിലും ഹെൽത്ത് ക്‌ളബ്ബുകളിലും കാർബൺ ഡൈ ഓക്‌സൈഡ് (CO₂) അപകടകരമായ അളവിൽ കാണാൻ സാധിക്കും. കാരണം, മിക്ക കെട്ടിടങ്ങളിലെയും വെന്റിലേഷൻ സംവിധാനം ഒട്ടും ഫലപ്രദമല്ല. പുറത്ത് നിന്ന് അകത്തേയ്‌ക്ക് വായു പ്രവേശിക്കാനുള്ള സംവിധാനം ഒരുക്കുമ്പോൾ സ്വാഭാവികമായും എസിയുടെ ലോഡ് കൂടുകയും വൈദ്യുതി ഉപയോഗം കൂടുകയും എസികൾക്ക് വേഗത്തിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, ജിമ്മുകളിൽ പുറമെനിന്നുള്ള വായു പ്രവേശിക്കാനുള്ള സംവിധാനം ദുർലഭമാണ്.

ജിമ്മിലെ വായുവിലെ CO₂ അളവ് 800 PPMൽ താഴെയാണെങ്കിൽ മികച്ച വെന്റിലേഷൻ ഉണ്ടെന്നാണ് പൊതുവേ കണക്കാക്കുന്നത്. PPM (Parts Per Million) എന്നത് വായുവിൽ ഒരു വാതകം എത്ര അളവിൽ ഉണ്ടെന്ന് കാണിക്കുന്ന ശാസ്‌ത്രീയ യൂണിറ്റാണ്. CO₂ അളവ് 1000 PPMന് മുകളിലെത്തുന്നത് ശുദ്ധവായു ലഭ്യത കുറവാണെന്ന മുന്നറിയിപ്പാണ്. എന്നാൽ, ഭൂരിഭാഗം ജിം അംഗങ്ങൾക്കും തങ്ങൾ വ്യായാമം ചെയ്യുന്ന സ്‌ഥലത്തെ CO₂ അളവ് അറിയില്ല!.
CO₂ അളവ് 1000 PPMന് മുകളിലെത്തുന്ന ജിമ്മുകളിൽ ചില വ്യക്‌തികളിൽ നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകും. പ്രത്യേകിച്ച് ആസ്‌ത്‌മ, അലർജിക് റൈനൈറ്റിസ്, ദീർഘകാല ശ്വാസകോശ രോഗം, വ്യായാമം മൂലമുള്ള ശ്വാസതടസം അനുഭവിക്കുന്നവർ ഉൾപ്പടെയുള്ളവരിൽ രോഗം സങ്കീർണമാകാനുള്ള സാധ്യത വർധിക്കുമെന്നും വിദഗ്‌ധർ പറയുന്നു.
വായുകയറി ഇറങ്ങാനുള്ള സംവിധാനം മാത്രമല്ല ആരോഗ്യകരമായ ജിം പരിശീലന കേന്ദ്രങ്ങൾക്ക് ആവശ്യം. ഈർപ്പനില (Humidity)യും വെല്ലുവിളിയാണ്. ഇത് ശരിയായ പരിധിയിൽ അല്ലെങ്കിൽ ജിമ്മിനകത്ത്, സാധാരണ നിലയിൽ കണ്ണുകൾക്ക് കാണാൻ സാധിക്കാത്ത പൂപ്പൽ വളർച്ചയ്‌ക്കും സൂക്ഷ്‌മ ജീവികളുടെ വർധനവിനും കാരണമാകും. ഈർപ്പനില ശരിയല്ലെങ്കിൽ ഇത്തരം ജിമ്മുകളിൽ പോകുന്നവർക്ക് തൊണ്ട വരളുക, കണ്ണിൽ അസ്വസ്‌ഥത, ശ്വാസനാളങ്ങളിൽ പ്രകോപനം ഉണ്ടാകുക തുടങ്ങിയവ കണ്ടേക്കും.

ജിമ്മുകളിൽ എന്തൊക്കെ അളക്കണം?
ശാസ്‌ത്രീയമായ, ആരോഗ്യം സംരക്ഷിക്കാൻ പ്രവൃത്തിക്കുന്ന ഏതൊരു ജിമ്മും ഹെൽത്ത് ക്‌ളബ്ബുകളും പരിസ്‌ഥിതി ഗുണനിലവാര വിവരങ്ങൾ ഡിജിറ്റൽ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അംഗങ്ങൾക്ക് സുതാര്യത നൽകും. സാങ്കേതികവിദ്യ അത്രക്കേറെ വികസിച്ച ഇന്നത്തെ കാലത്ത് ഇത് സാധ്യമാണ്. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് താഴെ പറയുന്നവ നിരീക്ഷിക്കാൻ സാധിക്കും:
* CO₂ (കാർബൺ ഡൈ ഓക്‌സൈഡ്)
* PM2.5 സൂക്ഷ്‌മകണങ്ങൾ
* PM10 കണങ്ങൾ
* താപനില
* ഈർപ്പനില
* VOCs (അസ്‌ഥിര ജൈവ സംയുക്‌തങ്ങൾ)
ഈ കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ഡിജിറ്റൽ ബോർഡുള്ള ജിം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. എന്നാൽ അങ്ങനെയൊന്ന് ഇപ്പോൾ കേരളത്തിലോ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലോ ഉള്ളതായി മനസിലാക്കാൻ സാധിക്കുന്നില്ല.
ജിമ്മുകളിലെ എസികൾ മറ്റൊരു വെല്ലുവിളിയാണ്
ജിമ്മുകളിലെ എയർ കണ്ടീഷനിംഗ് സംവിധാനങ്ങളുടെ പരിപാലനവും കാര്യക്ഷമതയും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു പ്രധാന ആരോഗ്യ വിഷയമാണ്. ബെഡ്റൂമിൽ ഉപയോഗിക്കുന്ന എസിയെക്കാൾ കൂടുതൽ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് ജിമ്മുകളിലെ എസി സംവിധാനങ്ങൾ. കാരണം, ഒരു ബെഡ്റൂമിൽ സാധാരണയായി ഒന്നോ രണ്ടോ പേരാണ് മണിക്കൂറുകളോളം കഴിയുന്നത്. എന്നാൽ, നേരെത്തെ പറഞ്ഞതുപോലെ, ജിമ്മുകളിൽ ഒരേസമയം നിരവധി ആളുകൾ ശക്‌തമായ ശാരീരിക വ്യായാമം നടത്തുകയും സാധാരണയേക്കാൾ പലമടങ്ങ് കൂടുതൽ ശ്വാസമെടുക്കുകയും പുറംതള്ളുകയും ചെയ്യുന്നു.
അതിനാൽ ജിമ്മുകളിലെ എസി സംവിധാനങ്ങളുടെ ജോലി തണുപ്പിക്കുക മാത്രമല്ല. മതിയായ ശുദ്ധവായു ലഭ്യമാക്കുക, കാർബൺ ഡൈ ഓക്‌സൈഡ് (CO₂) അടിഞ്ഞുകൂടുന്നത് തടയുക, ഈർപ്പനില നിയന്ത്രിക്കുക, വായുവിലെ പൊടി, അലർജൻ, സൂക്ഷ്‌മകണങ്ങൾ ഫിൽട്ടർ ചെയ്യുക തുടങ്ങിയ നിർണായക ഉത്തരവാദിത്വങ്ങളും വഹിക്കേണ്ടതുണ്ട്.

എന്നാൽ, മിക്ക ജിമ്മുകളിലും എസി പരിപാലനം ഫിൽട്ടർ വൃത്തിയാക്കൽ പോലുള്ള അടിസ്‌ഥാന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നുവെന്നാണ് അനുഭവവും വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നതും. ആശങ്കാജനകമായ കാര്യം, ജിമ്മുകൾക്കകത്തെ നിലവാരവും ഉപയോഗിക്കുന്ന എസികളുടെ പ്രകടനവും പരിശോധിക്കാൻ വ്യക്‌തമായ പൊതുമാനദണ്ഡങ്ങളോ പതിവ് പരിശോധനാ സംവിധാനങ്ങളോ ഇന്ത്യയിൽ എവിടെയും ഇല്ലെന്നതാണ്.
ലക്ഷക്കണക്കിന് ആളുകൾ ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും മാനസിക സമ്മർദ്ദം കുറയ്‌ക്കാനും ജിമ്മുകളെ ആശ്രയിക്കുന്ന ഇന്നത്തെ കാലത്ത് ഫയർ സേഫ്റ്റിയും കെട്ടിട സേഫ്‌റ്റിയും പോലെ തന്നെ സുപ്രധാനമാണ് ഇൻഡോർ എയർ ക്വാളിറ്റിയും (Indoor Air Quality). പ്രത്യേകിച്ച് കുട്ടികൾ, സ്‌ത്രീകൾ, ഗർഭിണികൾ, മുതിർന്നവർ എന്നിവരുടെ ജിം ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വായുവിന്റെയും ജിമ്മിനകത്തെ മറ്റുഗുണനിലവാരങ്ങളും സംബന്ധിച്ച സുതാര്യതയും നിരീക്ഷണവും കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ




































