കുവൈത്തിൽ കനത്ത വ്യോമാക്രമണം; വ്യോമപാത അടച്ചു, ബഹ്‌റൈനിലും ജാഗ്രത

ഇന്നത്തെ മിക്ക വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്ത് എയർവെയ്‌സ് അറിയിച്ചു. പുതിയ വിവരങ്ങൾ അറിയുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്‌തപ്പോൾ നൽകിയ ഫോൺ നമ്പറുകളിലേക്ക് അയക്കുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാർക്ക് നിർദ്ദേശം നൽകി.

By Senior Reporter, Malabar News
kuwait-flag
Representational Image

ദുബായ്: പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി സൃഷ്‌ടിച്ച് കുവൈത്തിൽ കനത്ത വ്യോമാക്രമണവുമായി ഇറാൻ. കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ളാന്റുകൾ ആക്രമിക്കപ്പെട്ടു. പിന്നാലെ കുവൈത്ത് വ്യോമപാത അടച്ചു.

ഇതോടെ, ഇന്നത്തെ മിക്ക വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്ത് എയർവെയ്‌സ് അറിയിച്ചു. പുതിയ വിവരങ്ങൾ അറിയുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്‌തപ്പോൾ നൽകിയ ഫോൺ നമ്പറുകളിലേക്ക് അയക്കുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാർക്ക് നിർദ്ദേശം നൽകി.

കുവൈത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന മിസൈൽ, ഡ്രോൺ ഭീഷണികളുടെ പശ്‌ചാത്തലത്തിൽ രാജ്യത്ത് വീണ്ടും അപായ സൈറണുകൾ മുഴങ്ങി. ഭീഷണികളെ പ്രതിരോധിക്കാൻ രാജ്യം സജ്‌ജമാണെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിന് പിന്നാലെ ബഹ്‌റൈനിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തുടനീളം അപായ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളും പ്രവാസികളും യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

സൈറൺ മുഴങ്ങുന്ന സാഹചര്യത്തിൽ എല്ലാവരും എത്രയും പെട്ടെന്ന് തങ്ങൾക്ക് തൊട്ടടുത്തുള്ള സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും, ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവരുന്ന നിർദ്ദേശങ്ങളും അപ്‍ഡേറ്റുകളും കൃത്യമായി പിന്തുടരണമെന്നും ബഹ്‌റൈൻ ഭരണകൂടം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിൽ തുടർച്ചയായ ഏഴാം ദിവസവും യുഎസ് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്‌റ്റിക്‌സ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ, ഭൂഗർഭ ആയുധ സംഭരണ ശാലകൾ, നാവികശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ അറിയിച്ചു.

ഇറാനിലെ യസ്‌ദ്, ഖസ്വം ദ്വീപ്, ബന്ദർ അബ്ബാസ് തുറമുഖം എന്നവിടങ്ങളിൽ സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് ഇറാൻ തൊടുത്തുവിട്ട പത്ത് മിസൈലുകൾ രാത്രിയിൽ വിജയകരമായി തടഞ്ഞതായി ജോർദാൻ സൈന്യവും വ്യക്‌തമാക്കിയിട്ടുണ്ട്.

യുഎസ് അക്രമണങ്ങൾ തുടർന്നാൽ ശക്‌തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി അവകാശപ്പെട്ടെങ്കിലും അമേരിക്ക ഇത് നിഷേധിച്ചിട്ടുണ്ട്. ഹോർമുസിൽ ഇരുവിഭാഗവും തമ്മിലുള്ള ആക്രമണങ്ങൾ തുടരുന്ന പശ്‌ചാത്തലത്തിൽ കപ്പൽ ഗതാഗതവും നിലച്ചിരിക്കുകയാണ്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE