ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് വ്യാജവും അധിക്ഷേപകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റ ഇന്ത്യ മേധാവിക്കെതിരെയും നിരവധി സാമൂഹിക മാദ്ധ്യമ അക്കൗണ്ട് ഉടമകൾക്കും എതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ളാറ്റുഫോമുകളിലൂടെ പ്രധാനമന്ത്രിയുടെ ചിത്രം വികൃതമാക്കുകയും ആക്ഷേപകരമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചത്.
മോർഫ് ചെയ്ത ദൃശ്യങ്ങൾ പങ്കുവെച്ച സാമൂഹിക മാദ്ധ്യമങ്ങളുടെ അക്കൗണ്ട് ഉടമകൾക്കൊപ്പം സഹപ്രതിയായി ഫേസ്ബുക്കിന്റേയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യ മേധാവിയും കേസുകളിൽ പ്രതിയാണ്. ബിജെപി പ്രവർത്തകരും അനുഭാവികളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തത്.
വിവാദ ഉള്ളടക്കങ്ങളുള്ള സാമൂഹിക അക്കൗണ്ടുകളെ കുറിച്ചും രജിസ്റ്റർ ചെയ്ത കേസുകളെ കുറിച്ചും വിശദീകരിച്ചു ഹൈദരാബാദ് പോലീസ് മെറ്റ അധികൃതർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വ്യാജ ഉള്ളടക്കങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യഥാർഥ പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ ശേഖരിച്ചുവരികയാണെന്നും സൈബർ ക്രൈം അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































