തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. ദുരിതപ്പെയ്ത്തിൽ ഇന്നലെ മാത്രം എട്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. ഏഴുപേരെ കാണാതായി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് ആറുമരണമാണ്. 14 ജില്ലകളിലും മഴ നാശം വിതച്ചു.
പുഴകൾ കരകവിഞ്ഞും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മിന്നൽ പ്രളയവുമാണ് വ്യാപക നാശനഷ്ടം വരുത്തിയത്. സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 17 വീടുകൾ ഭാഗികമായും തകർന്നു. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്നും നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന എസ്ഇടി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നടത്താനിരുന്ന തുല്യത പരീക്ഷയും മാറ്റിയിട്ടുണ്ട്.
കാസർഗോഡ്, മലപ്പുറം, വയനാട്, കോട്ടയം, കോഴിക്കോട്, തൃശൂർ, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മദ്രസകളും സൺഡേ സ്കൂളുകളും മറ്റു മതപഠന ക്ളാസുകളും ട്യൂഷൻ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂർണമായി അടച്ചിടണമെന്ന് ജില്ലാ കലക്ടർമാർ നിർദ്ദേശിച്ചു.
Most Read| കശുവണ്ടി അഴിമതിക്കേസ്; പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തി


































