കനത്ത മഴ തുടരും; 12 ജില്ലകളിൽ ഇന്ന് അവധി, ആറ് ഡാമുകളിൽ റെഡ് അലർട്

മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത്, കുറ്റ്യാടി ഡാമുകളിലാണ് റെഡ് അലർട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.

By Senior Reporter, Malabar News
Heavy rain in Thiruvananthapuram
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം.

പുലർച്ചെ നാലുമണിക്ക് പുറപ്പെടുവിച്ച കാലാവസ്‌ഥാ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വരും മണിക്കൂറുകളിൽ അലർട്ടുകൾ മാറാം.

പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ പമ്പയുടെ ഇരുകരകളിലുമായി താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. സംസ്‌ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത്, കുറ്റ്യാടി ഡാമുകളിലാണ് റെഡ് അലർട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.

മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്റർ എത്തിയാൽ ഡാം തുറന്നുവിടാൻ നിർദ്ദേശമുണ്ട്. ജില്ലയിൽ അതിതീവ്ര മഴയാണെന്നും അപകടാവസ്‌ഥയിലുള്ള ആളുകൾ ഉടൻ മാറിത്താമസിക്കണമെന്നും മന്ത്രി പിസി വിഷ്‌ണുനാഥ്‌ പറഞ്ഞു. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിലവിൽ ജലനിരപ്പ് 2344.56 അടിയിലേക്ക് എത്തിയിട്ടുണ്ട്.

മഴ കനക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി. ശക്‌തമായ കാറ്റും മോശം കാലാവസ്‌ഥയും കണക്കിലെടുത്ത് കേരളം-കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മഴക്കെടുതിയിൽ സംസ്‌ഥാനത്താകെ 11 മരണമാണ് ഇതുവരെ സ്‌ഥിരീകരിച്ചത്‌. 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധിയും നഷ്‌ടപ്പെട്ടവർക്കും സർക്കാർ ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE